സ്പാ മാഫിയയും പോലീസും ഭായ്-ഭായ്? തിരുവല്ലയിലെ ഗുണ്ടാ വിളയാട്ടം മറച്ചുവെക്കാൻ ശ്രമമെന്ന് ആക്ഷേപം

സ്പാ മാഫിയയും പോലീസും ഭായ്-ഭായ്? തിരുവല്ലയിലെ ഗുണ്ടാ വിളയാട്ടം മറച്ചുവെക്കാൻ ശ്രമമെന്ന് ആക്ഷേപം

തിരുവല്ലയിലെ സ്പാകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളും ഇതിന് പിന്നാലെ ഉയർന്ന പോലീസ് മാസപ്പടി ആരോപണങ്ങളും വലിയ വിവാദമാകുന്നു. ഫെബ്രുവരി ഒന്നിന് നഗരത്തിലെ ഒരു സ്പായിൽ ഏഴംഗ ഗുണ്ടാസംഘം നടത്തിയ അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങൾ പുറത്തറിഞ്ഞത്. വൈകുന്നേരം 3:30-ഓടെ സ്പായിൽ അതിക്രമിച്ചു കയറിയ സംഘം സിസിടിവി പ്രവർത്തനരഹിതമാക്കാൻ ശ്രമിച്ചെങ്കിലും ഇൻവെർട്ടർ ബാക്കപ്പിൽ പ്രവർത്തിച്ച ക്യാമറകളിൽ അക്രമം കൃത്യമായി പതിഞ്ഞു. സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ ക്രൂരമായി മർദിച്ച ഗുണ്ടകൾ, ഒരു ജീവനക്കാരിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിച്ചതായും പരാതിയുണ്ട്.

ബിസിനസ് വൈരാഗ്യം മൂലം മറ്റ് സ്പാ ഉടമകൾ നൽകിയ ക്വട്ടേഷനാണിതെന്ന് അക്രമത്തിനിരയായ സ്ഥാപനത്തിന്റെ ഉടമ സഞ്ജയ് ആരോപിക്കുന്നു. സംഭവത്തിൽ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ഈ വിവരം മാധ്യമങ്ങളിൽ നിന്ന് മറച്ചുവെക്കാൻ ശ്രമിച്ചത് വലിയ സംശയങ്ങൾക്ക് ഇടയാക്കി. സാധാരണഗതിയിൽ ക്രിമിനൽ കേസുകളിൽ വാർത്താക്കുറിപ്പ് ഇറക്കാറുള്ള പോലീസ്, ഈ കേസിൽ പാലിച്ച മൗനം ഉദ്യോഗസ്ഥരും സ്പാ മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ സൂചനയാണെന്നാണ് ഉയരുന്ന ആക്ഷേപം. എന്നാൽ, ഉടമകൾ പരാതി നൽകാൻ മടിച്ചിട്ടും തങ്ങൾ സ്വമേതയാ കേസെടുക്കുകയായിരുന്നു എന്നാണ് പോലീസിന്റെ ഔദ്യോഗിക നിലപാട്.

Also Read: ചെന്നൈയിൽ 23 കോടിയുടെ ലഹരിവേട്ട; ആറ് മലയാളികൾ പിടിയിൽ

തിരുവല്ലയിലെ സ്പാകളിൽ നിന്ന് സ്‌പെഷ്യൽ ബ്രാഞ്ച് ജീവനക്കാർ, ഡിവൈഎസ്പി ഓഫീസിലെ ഉദ്യോഗസ്ഥർ എന്നിവരടക്കമുള്ളവർക്ക് കൃത്യമായി മാസപ്പടി ലഭിക്കുന്നുണ്ടെന്നാണ് ഉയരുന്ന മറ്റൊരു ഗുരുതരമായ ആരോപണം. ലൈസൻസ് ഇല്ലാത്തതും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതുമായ സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകാനാണ് ഉദ്യോഗസ്ഥർ പണം കൈപ്പറ്റുന്നതെന്നാണ് സൂചന. പോലീസ് സഹായത്തോടെയാണ് ഇത്തരം കേന്ദ്രങ്ങളിൽ ഗുണ്ടാവിളയാട്ടം നടക്കുന്നതെന്ന ആക്ഷേപം ശക്തമായതോടെ സേനയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

ഗുണ്ടാ ആക്രമണവും ലൈംഗികാതിക്രമവും നടന്ന കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ ഉടൻ പിടികൂടണമെന്നും പോലീസിലെ അഴിമതിയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. മാസപ്പടി ആരോപണത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. സ്പാകൾ കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങളും ഗുണ്ടാ ബന്ധങ്ങളും അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

The post സ്പാ മാഫിയയും പോലീസും ഭായ്-ഭായ്? തിരുവല്ലയിലെ ഗുണ്ടാ വിളയാട്ടം മറച്ചുവെക്കാൻ ശ്രമമെന്ന് ആക്ഷേപം appeared first on Express Kerala.

Spread the love
See also  ‘സഞ്ജുവിനെ പറയാതെ വയ്യ’; വാഴ്ത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

New Report

Close