കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെ പാപ്പാന്റെ മരണം! മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെ പാപ്പാന്റെ മരണം! മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

കാട്ടാക്കട: കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ പാപ്പാൻ വിഷ്ണുവിനെ ആന ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് കൺസർവേറ്റർ ശ്യാം മോഹൻലാലിനോട് കമ്മീഷൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. കൊല്ലപ്പെട്ട വിഷ്ണുവിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നും കമ്മീഷൻ ആരാഞ്ഞു.

റിസർവോയറിൽ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്. കുട്ടിക്കൊമ്പൻ വിഷ്ണുവിനെ തുമ്പിക്കൈ കൊണ്ട് കോരിയെടുത്ത് വെള്ളത്തിൽ അടിക്കുകയും പിന്നീട് ചവിട്ടിത്താഴ്ത്തുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് പാപ്പാന്മാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആന ആരെയും അടുത്തേക്ക് അടുപ്പിച്ചില്ല. ഒടുവിൽ വനപാലകർ ആനയെ വിരട്ടി മാറ്റിയ ശേഷമാണ് വിഷ്ണുവിനെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read: വെമ്പായത്ത് കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം; ബൈക്ക് യാത്രികൻ മരിച്ചു

സംഭവത്തിൽ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് കൺസർവേറ്റർ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറുമെന്നും ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 2018 മുതൽ കോട്ടൂരിൽ ജോലി ചെയ്തു വരികയായിരുന്നു വിഷ്ണു.

The post കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെ പാപ്പാന്റെ മരണം! മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി appeared first on Express Kerala.

Spread the love
Scroll to Top