
ഹരിയാനയിലെ ഫരീദാബാദിൽ നടക്കുന്ന 39-ാമത് സൂരജ്കുണ്ഡ് അന്താരാഷ്ട്ര കരകൗശല മേളയിൽ യന്ത്ര ഊഞ്ഞാൽ തകർന്നുണ്ടായ അപകടത്തിൽ ഒരു പോലീസ് ഇൻസ്പെക്ടർ മരിച്ചു. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ 19 യാത്രക്കാരുമായി കറങ്ങുകയായിരുന്ന ഊഞ്ഞാൽ പൊട്ടിവീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻസ്പെക്ടർ ജഗദീഷ് പ്രസാദിന് (58) ഗുരുതരമായി പരിക്കേൽക്കുന്നതും മരണം സംഭവിക്കുന്നതും. അപകടത്തിൽ മറ്റ് 11 പേർക്ക് പരിക്കേറ്റു. ഇവർ നിലവിൽ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
36 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വരുന്ന മാർച്ചിൽ വിരമിക്കാനിരിക്കെയാണ് ജഗദീഷ് പ്രസാദിന്റെ വിയോഗം. 1989-ൽ ഹരിയാന പോലീസ് സേനയിൽ ചേർന്ന അദ്ദേഹത്തെ 2019-20 കാലഘട്ടത്തിൽ ഗവർണറുടെ പോലീസ് മെഡൽ നൽകി ആദരിച്ചിരുന്നു. ജഗദീഷ് പ്രസാദിന് രക്തസാക്ഷി പദവി നൽകുമെന്ന് പ്രഖ്യാപിച്ച ഹരിയാന ഡിജിപി അജയ് സിംഗാൾ, അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവും ഒരാൾക്ക് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തു. സോണിപത് പോലീസ് ലൈനിൽ താമസിക്കുന്ന അദ്ദേഹത്തിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
Also Read; സെൽഫി പ്രേമികൾ ജാഗ്രതൈ! അനുമതിയില്ലാതെ ടൂറിസ്റ്റുകളുടെ ചിത്രമെടുത്താൽ ഗോവയിൽ ഇനി അഴിയെണ്ണും
സൂരജ്കുണ്ഡ് മേളയുടെ ചരിത്രത്തിൽ ഊഞ്ഞാലുമായി ബന്ധപ്പെട്ട് നടക്കുന്ന മൂന്നാമത്തെ വലിയ അപകടമാണിത്. 2002-ലും 2019-ലും സമാനമായ അപകടങ്ങൾ നടന്നതിനെത്തുടർന്ന് കുറച്ചു കാലത്തേക്ക് ഊഞ്ഞാലുകൾ നിരോധിച്ചിരുന്നെങ്കിലും, വരുമാനം കണക്കിലെടുത്ത് പിന്നീട് ഇവ പുനരാരംഭിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി അന്വേഷിക്കും. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് സ്വിംഗ് വെണ്ടർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
അപകടത്തെത്തുടർന്ന് മേളയിലെ വിനോദസഞ്ചാര മേഖല താൽക്കാലികമായി അടച്ചുവെങ്കിലും 39-ാമത് സൂരജ്കുണ്ഡ് മേള ഞായറാഴ്ചയും തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഊഞ്ഞാലുകൾ സ്ഥാപിക്കുന്നതിനും അവ ദിവസേന പരിശോധിക്കുന്നതിനും കർശനമായ നിയമങ്ങൾ നിലവിലുണ്ടെങ്കിലും ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇൻസ്പെക്ടർ ജഗദീഷ് പ്രസാദിന്റെ ജന്മനാടായ മഥുരയിലെ ഡെൻഗ്ര ഗ്രാമം അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ്.
The post സൂരജ്കുണ്ഡ് മേളയിൽ വീണ്ടും ഊഞ്ഞാൽ ദുരന്തം; വിരമിക്കാൻ മാസങ്ങൾ ബാക്കിയുള്ളപ്പോൾ ഉദ്യോഗസ്ഥന് ദാരുണാന്ത്യം appeared first on Express Kerala.




