നെല്ലുൽപാദന വർദ്ധനവ് ബാധ്യതയെന്ന കേന്ദ്ര നിലപാട് കർഷകരോടുള്ള വെല്ലുവിളി: മുഖ്യമന്ത്രി പിണറായി വിജയൻ

നെല്ലുൽപാദന വർദ്ധനവ് ബാധ്യതയെന്ന കേന്ദ്ര നിലപാട് കർഷകരോടുള്ള വെല്ലുവിളി: മുഖ്യമന്ത്രി പിണറായി വിജയൻ

നെല്ലുൽപാദനം വർദ്ധിക്കുന്നത് രാജ്യത്തിന് ബാധ്യതയാണെന്ന കേന്ദ്ര സർക്കാരിന്റെ വിചിത്രമായ ന്യായം കർഷകരോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം നെൽക്കർഷകർക്ക് നൽകുന്ന അധിക പ്രോത്സാഹന ബോണസ് നിർത്തലാക്കണമെന്ന് കേന്ദ്രം ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുകയാണ്. ഉൽപാദനം കൂടിയാൽ സംഭരണച്ചെലവ് പൊതുഖജനാവിന് ഭാരമാകുമെന്നാണ് കേന്ദ്ര ധനകാര്യ എക്‌സ്‌പെൻഡീച്ചർ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്നത്. കോർപ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപയുടെ കടം എഴുതിത്തള്ളുന്ന കേന്ദ്ര സർക്കാർ, സാധാരണക്കാരായ കർഷകർക്ക് നൽകുന്ന ചെറിയ ആനുകൂല്യങ്ങളെ ബാധ്യതയായി ചിത്രീകരിക്കുന്നത് നാടിനോടുള്ള ശത്രുതാ മനോഭാവമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നിലവിൽ കേന്ദ്രം നിശ്ചയിക്കുന്ന താങ്ങുവിലയ്ക്ക് പുറമെ കിലോയ്ക്ക് 6.31 രൂപ അധികം നൽകിയാണ് സംസ്ഥാന സർക്കാർ കർഷകരെ സഹായിക്കുന്നത്. ഈ ബോണസ് നയം പുനഃപരിശോധിക്കണമെന്ന കേന്ദ്രത്തിന്റെ സമ്മർദ്ദം കർഷകരെ കൃഷിയിൽ നിന്ന് പിന്തിരിപ്പിക്കാനേ ഉപകരിക്കൂ. ഇന്തോ-അമേരിക്കൻ വ്യാപാര കരാറിന്റെ ഭാഗമായി അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി തുറന്നുകൊടുക്കാനുള്ള ഗൂഢനീക്കമാണോ ഇതിന് പിന്നിലെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നെൽക്കർഷകർക്ക് നൽകേണ്ട കേന്ദ്ര വിഹിതം കൃത്യസമയത്ത് നൽകാതെ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

The post നെല്ലുൽപാദന വർദ്ധനവ് ബാധ്യതയെന്ന കേന്ദ്ര നിലപാട് കർഷകരോടുള്ള വെല്ലുവിളി: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Express Kerala.

Spread the love
Scroll to Top