ശബരിമല സ്വർണ്ണക്കൊള്ള! ശാസ്ത്രീയ പരിശോധനയിലും ദുരൂഹത; സാംപിളുകൾ വീണ്ടും പരിശോധിക്കും

ശബരിമല സ്വർണ്ണക്കൊള്ള! ശാസ്ത്രീയ പരിശോധനയിലും ദുരൂഹത; സാംപിളുകൾ വീണ്ടും പരിശോധിക്കും

ബരിമലയിൽ നിന്നും സ്വർണ്ണം പൂശിയ ചെമ്പ് പാളികൾ കടത്തിക്കൊണ്ടുപോയി പുതിയവ സ്ഥാപിച്ചോ എന്ന കാര്യത്തിൽ വി.എസ്.എസ്.സി നടത്തിയ ശാസ്ത്രീയ പരിശോധനയിലും വ്യക്തതയില്ല. 1998-ൽ യു.ബി ഗ്രൂപ്പ് മെർക്കുറി ഉപയോഗിച്ചാണ് പാളികളിൽ സ്വർണ്ണം പൂശിയത്. എന്നാൽ, ഇപ്പോൾ ശേഖരിച്ച ചില സാംപിളുകളിൽ മെർക്കുറിയുടെ സാന്നിധ്യം തീരെ കണ്ടെത്താനാകാത്തതാണ് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നത്. പഴയ വാതിലിലെ സാംപിളുകളുമായി താരതമ്യം ചെയ്തിട്ടും പാളികൾ പൂർണ്ണമായി മാറ്റിയിട്ടുണ്ടോ എന്ന നിർണ്ണായക ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല.

ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും നടത്തിയ തട്ടിപ്പിന്റെ ആഴം വ്യക്തമാകണമെങ്കിൽ പാളികളുടെ കാലപ്പഴക്കം സംബന്ധിച്ച സംശയം മാറേണ്ടതുണ്ട്. അതിനാൽ, കൂടുതൽ ആധുനിക സൗകര്യങ്ങളുള്ള മറ്റൊരു ലാബിൽ സാംപിളുകൾ വീണ്ടും പരിശോധിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. അടുത്ത ആഴ്ച മാസപൂജയ്ക്കായി നട തുറക്കുമ്പോൾ ദ്വാരപാലക ശില്പങ്ങളിൽ നിന്നും കട്ടിളപ്പാളികളിൽ നിന്നും വീണ്ടും സാംപിളുകൾ ശേഖരിക്കും. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് അന്വേഷണ സംഘം നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.

Also Read: “അധികാരത്തിന്റെ ചില്ലുമേടയിലല്ല, പ്രവർത്തകരുടെ ഹൃദയത്തിൽ”; കണ്ണൂരിൽ സുധാകരനായി ഫ്ലക്സ് യുദ്ധം

ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ വൈകുന്നത് കേസിന്റെ കുറ്റപത്രം സമർപ്പിക്കുന്നതിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ശാസ്ത്രജ്ഞരുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ടും പാളികളുടെ മാറ്റം രാസപ്രവർത്തനം മൂലമാണോ അതോ കടത്തിക്കൊണ്ടുപോയതാണോ എന്നതിൽ അവ്യക്തത തുടരുകയാണ്. വിചാരണ വേളയിൽ ഈ ആശയക്കുഴപ്പം തിരിച്ചടിയാകാതിരിക്കാനാണ് വീണ്ടും പരിശോധന നടത്തുന്നത്. അതേസമയം, കുറ്റപത്രം വൈകുന്നതോടെ കേസിൽ ഉൾപ്പെട്ട പ്രതികൾക്കെല്ലാം ജാമ്യം ലഭിക്കാനുള്ള സാധ്യതയും ഏറിയിരിക്കുകയാണ്.

The post ശബരിമല സ്വർണ്ണക്കൊള്ള! ശാസ്ത്രീയ പരിശോധനയിലും ദുരൂഹത; സാംപിളുകൾ വീണ്ടും പരിശോധിക്കും appeared first on Express Kerala.

Spread the love
Scroll to Top