
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി സംവിധാനങ്ങളിൽ വലിയ അഴിച്ചുപണി നടത്താൻ സി.പി.എം. സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് കർശന നിർദ്ദേശം നൽകി. കഴിഞ്ഞ തവണ നടത്തിയ ഗൃഹസന്ദർശനത്തിൽ ജനങ്ങളുമായുള്ള ബന്ധത്തിൽ വിള്ളൽ വീണതായി പാർട്ടിയുടെ ആഭ്യന്തര വിലയിരുത്തലുണ്ട്. പലയിടങ്ങളിലും ഗൃഹസന്ദർശന പരിപാടിയോട് പാർട്ടി ഘടകങ്ങൾ അനാസ്ഥ കാട്ടിയതായും വിമർശനമുയർന്നു. ഈ പോരായ്മകൾ പരിഹരിച്ച് വോട്ടർമാരുമായി നേരിട്ട് ബന്ധം സ്ഥാപിക്കാനാണ് പുതിയ കർമ്മപദ്ധതി ലക്ഷ്യമിടുന്നത്.
ഓരോ ബൂത്തിലും രണ്ട് മുഴുവൻസമയ പ്രവർത്തകരെ വീതം നിശ്ചയിക്കണമെന്നതാണ് പ്രധാന നിർദ്ദേശം. ഇവർക്ക് ജില്ലാ നേതൃത്വത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകണം. പാർട്ടി അംഗങ്ങളില്ലാത്ത സ്ഥലങ്ങളിൽ അനുഭാവികളെ ഉൾപ്പെടുത്തി നിർബന്ധമായും ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കണം. കൂടാതെ, മുൻകാല പ്രവർത്തകരെയും പൊതുസമ്മതരെയും ഉൾപ്പെടുത്തി സഹായകമ്മിറ്റികൾ ഉണ്ടാക്കണമെന്നും പാർട്ടിയിൽ നിന്ന് അകന്നുപോയവരെ തിരികെ എത്തിക്കാൻ ശ്രമിക്കണമെന്നും നിർദ്ദേശമുണ്ട്.
നഗരമേഖലകളിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് പ്രത്യേക പ്രവർത്തനശൈലി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. ഫ്ലാറ്റുകളിൽ സർക്കാർ ജീവനക്കാരെയും ജനപ്രതിനിധികളെയും ഉപയോഗിച്ച് ബന്ധങ്ങൾ സ്ഥാപിക്കാനും ചെറുഗ്രൂപ്പുകൾ വഴി സജീവമാകാനുമാണ് നിർദ്ദേശം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഓരോ ബൂത്തിൽ നിന്നും രണ്ട് വനിതകൾ വീതമുള്ള സ്ക്വാഡുകൾ രൂപീകരിക്കും. ഇതിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളെയും ഉൾപ്പെടുത്തണം. സമുദായ സംഘടനകളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം പട്ടികജാതി-പട്ടികവർഗ്ഗ മേഖലകളിൽ പ്രവർത്തനം സജീവമാക്കാനും സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
The post നിയമസഭാ തിരഞ്ഞെടുപ്പ്! പാർട്ടി സംവിധാനങ്ങളിൽ അഴിച്ചുപണിക്ക് ഒരുങ്ങി സി.പി.എം appeared first on Express Kerala.




