
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആവേശം പകർന്ന് പുതിയ ഐഎസ്എൽ സീസണിലും ടീമിന്റെ ഹോം ഗ്രൗണ്ട് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം തന്നെയായിരിക്കുമെന്ന് ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു. നേരത്തെ ഹോം മത്സരങ്ങൾ കോഴിക്കോട്ടേക്ക് മാറുമെന്ന തരത്തിൽ ചർച്ചകൾ സജീവമായിരുന്നുവെങ്കിലും, ആരാധകരുടെ പിന്തുണയും കൊച്ചിയിലെ ഗാലറി നൽകുന്ന കരുത്തും കണക്കിലെടുത്ത് മാനേജ്‌മെന്റ് കൊച്ചിയിൽ തന്നെ ഉറച്ചുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
ആരാധകരോടും കേരളത്തിലെ ഫുട്ബോൾ സമൂഹത്തോടുമുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ തീരുമാനത്തിലൂടെ ക്ലബ്ബ് വ്യക്തമാക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ പല സുപ്രധാന നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ച കൊച്ചിയിലെ സ്റ്റേഡിയത്തെ ഇന്ത്യയിലെ തന്നെ മികച്ച ഫുട്ബോൾ വേദികളിലൊന്നായി മാറ്റിയത് ആരാധകരാണെന്ന് ക്ലബ്ബ് വാർത്താക്കുറിപ്പിൽ നന്ദിയോടെ സ്മരിക്കുന്നു.
ഐഎസ്എൽ പുറത്തുവിട്ട ആദ്യ മത്സരക്രമം അനുസരിച്ച് മുംബൈ സിറ്റി എഫ്‌സിക്കെതിരായ ആദ്യ ഹോം മത്സരം കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും, പുതിയ പ്രഖ്യാപനത്തോടെ മഞ്ഞപ്പടയുടെ പോരാട്ടങ്ങൾ കാണാൻ ആരാധകർക്ക് വീണ്ടും കൊച്ചിയിലേക്ക് തന്നെ ഒഴുകാം.
The post കൊച്ചി തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകം! ഔദ്യോഗിക സ്ഥിരീകരണവുമായി ക്ലബ്ബ് appeared first on Express Kerala.


