
ലോകത്തിലെ ഏറ്റവും വലിയ കടലാമ വർഗമായ ലെതർബാക്കിനെ സൗദി അറേബ്യയിലെ ചെങ്കടൽ തീരത്ത് കണ്ടെത്തി. അൽ-ഖുൻഫുദ തീരത്തുനിന്ന് 30 കിലോമീറ്റർ അകലെയുള്ള ‘ബ്ലൂ ഹോൾസ്’ സംരക്ഷിത മേഖലയിലാണ് നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ഈ അപൂർവ്വ കണ്ടെത്തൽ നടത്തിയത്. സാധാരണ ആമകളെപ്പോലെ കടുപ്പമേറിയ തോടിന് പകരം കറുത്ത തുകൽ പോലുള്ള പുറന്തോട് ഉള്ളതിനാലാണ് ഇവയ്ക്ക് ലെതർബാക്ക് എന്ന പേര് ലഭിച്ചത്. ഏകദേശം 900 കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന ഇവ ഭൂമിയിലെ ഏറ്റവും വലിപ്പമേറിയ ആമ വർഗമാണ്.
സാധാരണയായി ഇന്ത്യൻ മഹാസമുദ്രത്തിൽ കണ്ടുവരുന്ന ഇവ ചെങ്കടലിൽ എത്തുന്നത് അതീവ സുപ്രധാനമായ കാര്യമായാണ് ഗവേഷകർ കണക്കാക്കുന്നത്. ഇന്ത്യയിലെ ആൻഡമാൻ ദ്വീപുകളിലാണ് ഇവയുടെ ഏറ്റവും അടുത്തുള്ള മുട്ടയിടുന്ന കേന്ദ്രങ്ങൾ. ഭക്ഷണത്തിനായി ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കുന്ന സ്വഭാവമുള്ള ഇവ, തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ജെല്ലിഫിഷുകളെ തേടിയുള്ള യാത്രയ്ക്കിടയിൽ ബാബ് അൽ-മന്ദബ് കടലിടുക്ക് വഴിയാകാം ചെങ്കടലിൽ എത്തിയതെന്ന് കരുതപ്പെടുന്നു. മുൻപ് 2025 ഡിസംബറിൽ ജോർദാനിലും 2019-ൽ ജിബൂട്ടിയിലുമാണ് ഇവയെ ഈ മേഖലയിൽ അവസാനമായി കണ്ടത്.
Also Read: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ‘മെറ്റ’യുടെ ക്യാമ്പയിൻ!
അതീവ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലുള്ള ലെതർബാക്കുകളുടെ സാന്നിധ്യം ചെങ്കടലിലെ സമുദ്ര പരിസ്ഥിതിയുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഏകദേശം 7,000 മുതൽ 8,000 കിലോമീറ്റർ വരെ അകലെ നിന്നുപോലും ഇവ ഇവിടെ എത്തുന്നു എന്നത് സമുദ്ര ഗവേഷകർക്ക് വലിയ പ്രതീക്ഷ നൽകുന്നു. ചെങ്കടലിലെ ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള സൗദി അറേബ്യയുടെ പ്രവർത്തനങ്ങൾക്ക് ഈ കണ്ടെത്തൽ വലിയ കരുത്തേകും.
The post ചെങ്കടലിൽ വിരുന്നെത്തി ‘കടലിലെ ഭീമൻ’; അതീവ വംശനാശഭീഷണി നേരിടുന്ന ലെതർബാക്ക് ആമയെ കണ്ടെത്തി appeared first on Express Kerala.


