ഭാര്യമാർക്ക് ‘നോ എൻട്രി’; ലോകകപ്പിൽ താരങ്ങളെ പൂട്ടാൻ ബിസിസിഐ! അച്ചടക്കം കർശനമാക്കി

ഭാര്യമാർക്ക് ‘നോ എൻട്രി’; ലോകകപ്പിൽ താരങ്ങളെ പൂട്ടാൻ ബിസിസിഐ! അച്ചടക്കം കർശനമാക്കി

ടി20 ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബിസിസിഐ രംഗത്ത്. ടൂർണമെന്റ് കാലയളവിൽ ഭാര്യമാരെയും മറ്റ് കുടുംബാംഗങ്ങളെയും താരങ്ങൾക്കൊപ്പം താമസിക്കാൻ അനുവദിക്കില്ലെന്നാണ് ബോർഡിന്റെ പുതിയ തീരുമാനം. വിദേശ പര്യടനങ്ങളിൽ മുൻപ് നൽകിയിരുന്ന ഇളവുകൾ റദ്ദാക്കിക്കൊണ്ടാണ് അച്ചടക്കം കർശനമാക്കാനുള്ള ഈ നീക്കം.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ പരാജയമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് ബിസിസിഐയെ നയിച്ചത്. ആ പര്യടനത്തിനിടെ ചില താരങ്ങൾ ടീം മീറ്റിംഗുകൾ ഒഴിവാക്കി കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചത് പ്രകടനത്തെ ബാധിച്ചുവെന്ന് സപ്പോർട്ട് സ്റ്റാഫ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, 45 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പര്യടനങ്ങളിൽ പരമാവധി 14 ദിവസം മാത്രമേ കുടുംബത്തെ കൂടെ താമസിപ്പിക്കാവൂ എന്ന നിയമം ലോകകപ്പിലും കർശനമായി നടപ്പിലാക്കുകയാണ്. കുടുംബാംഗങ്ങൾക്ക് ടീമിനൊപ്പം യാത്ര ചെയ്യാമെങ്കിലും ഹോട്ടലിൽ സ്വന്തം നിലയിൽ താമസസൗകര്യം കണ്ടെത്തേണ്ടി വരും.

Also Read: ടി-20 ലോകകപ്പിലെ സമ്പന്ന താരങ്ങൾ! സഞ്ജു സാംസൺ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ ആദ്യ പത്തിൽ

താരങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കാൻ വ്യക്തിഗത ഷെഫുമാരെ ഒപ്പം കൂട്ടിയിട്ടുണ്ടെങ്കിലും അവർക്കും ടീം ഹോട്ടലിൽ പ്രവേശനമില്ല. പുറത്തുനിന്നും ഭക്ഷണം പാകം ചെയ്ത് എത്തിച്ചുനൽകാനാണ് നിർദ്ദേശം. അമേരിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം, വ്യാഴാഴ്ച ഡൽഹിയിൽ നമീബിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം. ഇതിന് പിന്നാലെ ഫെബ്രുവരി 15-ന് പാകിസ്ഥാനെതിരായ ഹൈ-വോൾട്ടേജ് മത്സരത്തിനായി ടീം കൊളംബോയിലേക്ക് തിരിക്കും.

The post ഭാര്യമാർക്ക് ‘നോ എൻട്രി’; ലോകകപ്പിൽ താരങ്ങളെ പൂട്ടാൻ ബിസിസിഐ! അച്ചടക്കം കർശനമാക്കി appeared first on Express Kerala.

Spread the love
Scroll to Top