
ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന തീരുമാനത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയിരുന്നു. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ പാകിസ്ഥാൻ കളിക്കുമെന്ന് ഉറപ്പായതോടെ ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനാണ് വിരാമമായത്. ഈ കളംമാറ്റത്തിന് പിന്നാലെ വിശദീകരണവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്വി രംഗത്തെത്തി.
തങ്ങളുടെ പിന്മാറ്റം വ്യക്തിപരമായ നേട്ടങ്ങൾക്കോ താല്പര്യങ്ങൾക്കോ വേണ്ടിയായിരുന്നില്ലെന്നും, മറിച്ച് പൂർണ്ണമായും ബംഗ്ലാദേശിന് വേണ്ടിയായിരുന്നു എന്നുമാണ് നഖ്വിയുടെ വാദം. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയ ഐസിസി നടപടിയിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ ബഹിഷ്കരണ ഭീഷണി മുഴക്കിയിരുന്നത്. എന്നാൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെയും ശ്രീലങ്കയുടെയും പ്രത്യേക അഭ്യർത്ഥന പരിഗണിച്ചാണ് ഇപ്പോൾ നിലപാട് മാറ്റിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
Also Read: ഭാര്യമാർക്ക് ‘നോ എൻട്രി’; ലോകകപ്പിൽ താരങ്ങളെ പൂട്ടാൻ ബിസിസിഐ! അച്ചടക്കം കർശനമാക്കി
“ബംഗ്ലാദേശിന്റെ അഭ്യർത്ഥന നിങ്ങൾ കണ്ടിട്ടുണ്ടാകും, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട സാഹചര്യത്തിൽ ഞങ്ങൾ കളിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഞങ്ങൾ ബംഗ്ലാദേശിന് വേണ്ടിയാണ് നിലകൊണ്ടത്,” എന്ന് നഖ്വി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഐസിസിയുമായുള്ള ചർച്ചകളിൽ പാകിസ്ഥാൻ എന്താണ് നേടിയത് എന്ന ചോദ്യത്തിന്, തങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും എല്ലാം ബംഗ്ലാദേശിന് വേണ്ടിയായിരുന്നു എന്നുമുള്ള വിചിത്രമായ മറുപടിയാണ് അദ്ദേഹം നൽകിയത്.
The post ഞങ്ങൾക്കല്ല, എല്ലാം ബംഗ്ലാദേശിന് വേണ്ടി! വിശദീകരണവുമായി മൊഹ്സിൻ നഖ്വി appeared first on Express Kerala.




