
കേരളത്തിലെ റെയിൽവേ വികസനത്തിന് പുത്തൻ ഉണർവ് നൽകുന്ന രണ്ട് സുപ്രധാന പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ആലപ്പുഴ-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, പാലക്കാട് ടൗൺ-പറളി ബൈപാസ് ലൈൻ എന്നീ പദ്ധതികൾക്കാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം അനുമതി നൽകിയത്. വികസനത്തിന്റെ പാതയിൽ കേരളത്തിന് കരുത്തേകുന്ന വലിയ പ്രഖ്യാപനങ്ങളാണിതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
ആലപ്പുഴ-അമ്പലപ്പുഴ പാതയുടെ 12.66 കിലോമീറ്റർ ദൂരം ഇരട്ടിപ്പിക്കുന്നതിനായി 324.16 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ എറണാകുളം-കായംകുളം റൂട്ടിലെ സിംഗിൾ ലൈൻ മൂലമുള്ള യാത്രാതടസ്സങ്ങൾക്ക് ശാശ്വത പരിഹാരമാകും. പ്രതിദിനം ഒമ്പത് പുതിയ പാസഞ്ചർ ട്രെയിനുകൾ കൂടി ഈ റൂട്ടിൽ സർവീസ് നടത്താൻ സാധിക്കുമെന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. ചരക്ക് നീക്കം സുഗമമാകുന്നതോടെ റെയിൽവേയുടെ വരുമാനത്തിലും വലിയ വർദ്ധനവ് പ്രതീക്ഷിക്കുന്നു.
Also Read: എഐ ട്രെൻഡിനൊപ്പം മന്ത്രിമാരും; വൈറലായി വി. ശിവൻകുട്ടിയുടെയും ഗണേഷ് കുമാറിന്റെയും കാരിക്കേച്ചറുകൾ
പാലക്കാട് ടൗൺ-പറളി ബൈപാസ് ലൈനിനായി 163.57 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. ഈ ബൈപാസ് നിലവിൽ വരുന്നതോടെ പാലക്കാട് ജംഗ്ഷനിൽ എഞ്ചിൻ മാറ്റുന്നതിനായി ട്രെയിനുകൾ കാത്തിരുന്ന സമയം ലാഭിക്കാൻ സാധിക്കും. ഇത് പാസഞ്ചർ ട്രെയിനുകളുടെ യാത്രാസമയം ഏകദേശം 45 മിനിറ്റോളം കുറയ്ക്കാൻ സഹായിക്കും. ഷൊർണ്ണൂർ, തിരുവനന്തപുരം, പൊള്ളാച്ചി ഭാഗങ്ങളിലേക്കുള്ള ട്രെയിനുകളുടെ സമയക്രമം മെച്ചപ്പെടുത്താനും ചരക്ക് തീവണ്ടികളുടെ ഓട്ടം വേഗത്തിലാക്കാനും ഈ പുതിയ ബൈപാസ് ഉപകരിക്കും.
The post കേരളത്തിന് കേന്ദ്രത്തിന്റെ റെയിൽവേ സമ്മാനം; രണ്ട് സുപ്രധാന പദ്ധതികൾക്ക് കൂടി അംഗീകാരം appeared first on Express Kerala.


