ഫ്രാക്റ്റൽ അനലിറ്റിക്സ് ഐപിഒ ഇന്ന് അവസാനിക്കും! മങ്ങിയ പ്രതികരണവുമായി ഗ്രേ മാർക്കറ്റ്

ഫ്രാക്റ്റൽ അനലിറ്റിക്സ് ഐപിഒ ഇന്ന് അവസാനിക്കും! മങ്ങിയ പ്രതികരണവുമായി ഗ്രേ മാർക്കറ്റ്

പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഫ്രാക്റ്റൽ അനലിറ്റിക്സ് ലിമിറ്റഡിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) ഇന്ന് വൈകുന്നേരം 5 മണിയോടെ സമാപിക്കും. 2,833.9 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ഐപിഒയുടെ അവസാന ദിവസമായ ഇന്ന് രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 0.23 മടങ്ങ് സബ്‌സ്‌ക്രിപ്‌ഷൻ മാത്രമാണ് ലഭിച്ചിരിക്കുന്നത്. 857 രൂപ മുതൽ 900 രൂപ വരെയാണ് ഒരു ഓഹരിയുടെ വില നിശ്ചയിച്ചിരിക്കുന്നത്. റീട്ടെയിൽ വിഭാഗത്തിൽ 0.72 മടങ്ങ് അപേക്ഷകൾ ലഭിച്ചപ്പോൾ, ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരുടെ ഭാഗത്തുനിന്ന് താരതമ്യേന കുറഞ്ഞ പ്രതികരണമാണ് ഇതുവരെയുണ്ടായത്.

ഗ്രേ മാർക്കറ്റിലെ തണുപ്പൻ പ്രതികരണം നിക്ഷേപകർക്കിടയിൽ നേരിയ ആശങ്കയുണ്ടാക്കുന്നുണ്ട്. വിപണി നിരീക്ഷകർ നൽകുന്ന സൂചന പ്രകാരം ലിസ്റ്റ് ചെയ്യാത്ത ഓഹരികൾ വെറും 0.78 ശതമാനം പ്രീമിയത്തിൽ 907 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഇത് വരാനിരിക്കുന്ന ലിസ്റ്റിംഗ് അത്ര മികച്ചതാകില്ല എന്ന സൂചനയാണ് നൽകുന്നത്. നേരത്തെ ജിഎംപി 1.44 ശതമാനം വരെ ഉയർന്നിരുന്നെങ്കിലും പിന്നീട് കുറയുകയായിരുന്നു. വരാനിരിക്കുന്ന ഫെബ്രുവരി 16 തിങ്കളാഴ്ചയാണ് ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുക.

Also Read: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്; പവന്‍ വില 1,16,240 രൂപയില്‍

ബ്രോക്കറേജ് സ്ഥാപനങ്ങളായ ഐസിഐസിഐ ഡയറക്റ്റ്, ബിപി വെൽത്ത്, വെഞ്ചുറ എന്നിവർ ഈ ഇഷ്യൂവിന് ‘സബ്‌സ്‌ക്രൈബ്’ റേറ്റിംഗ് നൽകിയിട്ടുണ്ട്. 2000-ൽ സ്ഥാപിതമായ കമ്പനിക്ക് ആഗോളതലത്തിൽ വലിയ ബിസിനസ് ഗ്രൂപ്പുകളുമായി പങ്കാളിത്തമുണ്ട്. 2025 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ലാഭക്ഷമതയിൽ ഉണ്ടായ വലിയ വർദ്ധനവ് ദീർഘകാല നിക്ഷേപകർക്ക് അനുകൂലമായ ഘടകമാണ്. പുതിയ ഐപിഒ വഴി സമാഹരിക്കുന്ന തുക കടം തിരിച്ചടയ്ക്കാനും ഗവേഷണ പ്രവർത്തനങ്ങൾക്കും പുതിയ ഓഫീസുകൾ സ്ഥാപിക്കാനും ഉപയോഗിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ 4,900 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും പിന്നീട് ഐപിഒ വലുപ്പം കുറയ്ക്കുകയായിരുന്നു.

The post ഫ്രാക്റ്റൽ അനലിറ്റിക്സ് ഐപിഒ ഇന്ന് അവസാനിക്കും! മങ്ങിയ പ്രതികരണവുമായി ഗ്രേ മാർക്കറ്റ് appeared first on Express Kerala.

Spread the love
Scroll to Top