
ഷാർജ: ദുബായ് രാജ്യാന്തര വിമാനത്താവളം ചരിത്രപരമായ കുതിപ്പിൽ ലോക റെക്കോർഡുകൾ ഭേദിക്കുമ്പോൾ, ഇത്തവണയും കരുത്തായത് ഇന്ത്യൻ യാത്രക്കാരുടെ സാന്നിധ്യം. 2025-ൽ വിമാനത്താവളം വഴി യാത്ര ചെയ്ത 9.52 കോടി ആളുകളിൽ 1.19 കോടി പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന യാത്രാ നിരക്കാണിത്. 2024-നെ അപേക്ഷിച്ച് 3.1 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര യാത്രക്കാർ എത്തുന്ന വിമാനത്താവളമെന്ന പദവി ദുബായ് നിലനിർത്തി.
ഇന്ത്യ കഴിഞ്ഞാൽ സൗദി അറേബ്യ (75 ലക്ഷം), യുകെ (63 ലക്ഷം), പാകിസ്ഥാൻ (43 ലക്ഷം) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ളത്. നഗരങ്ങളുടെ പട്ടികയിൽ ലണ്ടനും റിയാദിനും പിന്നാലെ മുംബൈയും ഡൽഹിയും മുൻനിരയിലെത്തി. മുംബൈയിൽ നിന്ന് 24 ലക്ഷം യാത്രക്കാരും ഡൽഹിയിൽ നിന്ന് 22 ലക്ഷം യാത്രക്കാരും കഴിഞ്ഞ വർഷം ദുബായിലേക്ക് പറന്നു. ദുബായിയുടെ ‘ജീവനാഡി’ എന്നാണ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ നേട്ടത്തെ വിശേഷിപ്പിച്ചത്.
Also Read: റിയാദ് വിമാനത്താവളത്തിൽ വലിയ മാറ്റം; വിമാനങ്ങളുടെ ടെർമിനലുകൾ മാറുന്നു
യാത്രക്കാരുടെ തിരക്കേറുമ്പോഴും സേവന മികവിൽ ദുബായ് പിന്നോട്ട് പോയില്ല എന്നതാണ് ശ്രദ്ധേയം. എൺപത്തിയൊമ്പത് ശതമാനം ബാഗുകളും വിമാനം ലാൻഡ് ചെയ്ത് മുക്കാൽ മണിക്കൂറിനുള്ളിൽ കൈമാറാൻ വിമാനത്താവള അധികൃതർക്കായി. ഇമിഗ്രേഷൻ നടപടികൾക്കും ചുരുങ്ങിയ സമയം മാത്രമേ യാത്രക്കാർക്ക് ചെലവഴിക്കേണ്ടി വന്നുള്ളൂ. 2026-ൽ യാത്രക്കാരുടെ എണ്ണം 9.95 കോടിയിലേക്ക് ഉയരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
The post ലോകം കീഴടക്കി ദുബായ് വിമാനത്താവളം; റെക്കോർഡ് കുതിപ്പിൽ കരുത്തായി ഇന്ത്യക്കാർ appeared first on Express Kerala.


