
വരാനിരിക്കുന്ന പ്രണയദിനത്തിൽ സാധാരണക്കാർക്ക് മധുരമേറുന്ന ഓഫറുമായി സപ്ലൈകോ. ഫെബ്രുവരി 14 മുതൽ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ നിന്ന് 1000 രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ പഞ്ചസാര വെറും 14 രൂപയ്ക്ക് ലഭിക്കും. നിലവിൽ 43.50 രൂപ വിപണിവിലയുള്ളപ്പോഴാണ് ഈ വൻ ഇളവ്. 500 രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് 14 രൂപയ്ക്ക് അരക്കിലോ പഞ്ചസാരയും ലഭിക്കുന്നതാണ്. ഈ പ്രത്യേക ഓഫർ ഫെബ്രുവരി 28 വരെ നീണ്ടുനിൽക്കും.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സപ്ലൈകോ നേരിട്ടിരുന്ന വലിയൊരു സാമ്പത്തിക പ്രതിസന്ധിക്കും മന്ത്രിസഭാ യോഗം പരിഹാരം കണ്ടു. കേന്ദ്ര സർക്കാർ നെല്ലിന്റെ ഔട്ട് ടേൺ റേഷ്യോ കുറയ്ക്കാൻ തയ്യാറാവാത്തതിനെത്തുടർന്ന് 2019 മുതൽ 2022 വരെയുള്ള കാലയളവിൽ സപ്ലൈകോയ്ക്കുണ്ടായ 253.06 കോടി രൂപയുടെ ബാധ്യത സർക്കാർ ഏറ്റെടുത്തു. ഈ തുക സപ്ലൈകോയ്ക്ക് അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചതോടെ സ്ഥാപനത്തിന്റെ സാമ്പത്തിക അടിത്തറ കൂടുതൽ ഭദ്രമാകും.
The post പ്രണയദിന സമ്മാനമായി സപ്ലൈകോ; ഒരു കിലോ പഞ്ചസാര വെറും 14 രൂപയ്ക്ക്! appeared first on Express Kerala.


