
മാങ്ങയുടെ സീസൺ എത്തിയതോടെ മലയാളി വീടുകളിൽ ഇനി മാങ്ങാ വിഭവങ്ങളുടെ കാലമാണ്. ചോറിനൊപ്പം കഴിക്കാൻ ഏറ്റവും എളുപ്പത്തിലും രുചിയിലും തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് നാടൻ മാങ്ങാ ചമ്മന്തി. പച്ചമാങ്ങയുടെ പുളിയും കാന്താരി മുളകിന്റെ എരിവും തേങ്ങയുടെ മധുരവും ഒത്തുചേരുമ്പോൾ ലഭിക്കുന്ന ആ പ്രത്യേക രുചി ഒന്ന് വേറെതന്നെയാണ്. ഇതിനായി പച്ചമാങ്ങ ചെറിയ കഷ്ണങ്ങളാക്കിയതും ചിരകിയ തേങ്ങയും കാന്താരി മുളകോ ഉണക്കമുളകോ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കാം. കൂടെ അല്പം ചെറിയ ഉള്ളിയും ഇഞ്ചിയും കൂടി ചേർത്താൽ ചമ്മന്തിയുടെ രുചി ഇരട്ടിയാകും. ഒരല്പം വെളിച്ചെണ്ണ കൂടി തൂകി ഉടച്ചെടുത്താൽ ചോറിനൊപ്പം മറ്റൊന്നും കൂടാതെ തന്നെ വയറു നിറയെ ഉണ്ണാൻ ഈ ചമ്മന്തി മാത്രം മതിയാകും.
സാധനങ്ങൾ
മാങ്ങ -ഒരെണ്ണം
നാളികേരം ചിരകിയത് – 1 കപ്പ്
ചെറിയ ഉള്ളി – 2 എണ്ണം
പച്ചമുളക് – 3 എണ്ണം
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – രണ്ട് ഇല
തയാറാക്കുന്ന വിധം
ആദ്യം മാങ്ങ തൊലിചെത്തി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. ശേഷം എടുത്ത് വെച്ചിരിക്കുന്ന ചെറിയ ഉള്ളി, പച്ചമുളക്, കുറച്ച്, ഉപ്പ്, കറിവേപ്പില എന്നിവ ചേർത്ത് അരച്ചെടുക്കുക. മാങ്ങാ നല്ലത് പോലെ അരച്ചെടുക്കാൻ ശ്രദ്ധിക്കണം. ശേഷം ഇതിലേക്ക് നാളികേരവും കുറച്ച് ഉപ്പും കൂടി ചേർത്ത് ഒന്ന് കൂടി അടിച്ചെടുക്കുക. ചമ്മന്തിയുടെ പരുവത്തിൽ അരച്ചെടുക്കാം. അരയ്ക്കുമ്പോൾ വെള്ളം ചേർക്കേണ്ടതില്ല.
The post ഊണിന് രുചിക്കൂട്ടാൻ നാടൻ മാങ്ങാ ചമ്മന്തി! ചോറുണ്ണാൻ ഇനി വേറെ കറി വേണ്ട! appeared first on Express Kerala.




