
ഭോപ്പാലിലെ നിഷത്പുരയിൽ സെപ്റ്റിക് ടാങ്കിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. മഹാരാഷ്ട്ര ഗോണ്ടിയ സ്വദേശിനിയായ സിയ (33) ആണ് കൊല്ലപ്പെട്ടത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കാമുകൻ സമീർ എന്ന യുവാവാണ് സിയയെ കൊലപ്പെടുത്തിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ സമീർ ഇക്കാര്യം സിയയിൽ നിന്ന് മറച്ചുവെച്ചിരുന്നു. മൂന്ന് മാസം മുമ്പ് സമീറിനൊപ്പം ജീവിക്കാൻ ഭോപ്പാലിലെത്തിയ സിയ, യുവാവിന്റെ കുടുംബപശ്ചാത്തലം അറിഞ്ഞതോടെ വീട്ടിൽ നിരന്തരം തർക്കങ്ങൾ ഉടലെടുത്തിരുന്നു.
സമീറിനെ വിവാഹം കഴിക്കണമെന്ന് സിയ നിർബന്ധിച്ചതും അല്ലാത്തപക്ഷം അഞ്ച് ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്തതുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഉണ്ടായ തർക്കത്തിനൊടുവിൽ സമീർ സിയയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാനായി സമീർ തന്റെ അമ്മയുടെയും സഹോദരങ്ങളുടെയും സഹായം തേടി. സിയയുടെ മൃതദേഹം ഒരു ഇരുമ്പ് പെട്ടിയിലാക്കി വീടിനടുത്തുള്ള വിജനമായ സ്ഥലത്തെ സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിക്കുകയാണ് ചെയ്തത്.
Also Read: വാഹനങ്ങൾക്കുള്ളിൽ പീഡനം! പ്രതികളെ കുടുക്കാൻ എസ്ഐടി; ഒളിപ്പിച്ച കാറുകൾ കണ്ടെത്തി
വ്യാഴാഴ്ച വൈകുന്നേരം പ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ടാങ്കിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധിച്ചതോടെയാണ് ക്രൂരമായ കൊലപാതക വിവരം പുറംലോകമറിഞ്ഞത്. വിവരമറിഞ്ഞെത്തിയ പോലീസ് ടാങ്കിനുള്ളിൽ പൊങ്ങിക്കിടന്ന ഇരുമ്പ് പെട്ടിയിൽ നിന്ന് സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെടുത്തു. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയിരുന്നെങ്കിലും, കൈയിലെ പ്രത്യേക ടാറ്റൂവും ജന്മദിനവും നോക്കിയാണ് മരിച്ചത് സിയയാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.
നിലവിൽ ഒളിവിൽ പോയ പ്രതി സമീറിനായി പോലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച സമീറിന്റെ അമ്മയെയും സഹോദരങ്ങളെയും പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സിയയുടെ മുൻകാല ജീവിതത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. അവർ മുൻപ് മൂന്ന് തവണ വിവാഹിതയായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ കൊലപാതകത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
The post ഭോപ്പാലിൽ യുവതിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളി; കൊലപാതകം കുടുംബാംഗങ്ങളുടെ സഹായത്തോടെ appeared first on Express Kerala.


