
സംസ്ഥാന സർക്കാരിന്റെ പുതിയ നഗരനയം കേരളത്തിന്റെ ഭാവി വികസനത്തിന് പുത്തൻ ദിശാബോധം നൽകുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. അടുത്ത 25 വർഷത്തെ വികസനം ലക്ഷ്യമിട്ട് ഇത്തരമൊരു നയം രൂപീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. നഗര മേഖലകളിൽ വോട്ട് കുറഞ്ഞതുകൊണ്ടാണ് ഈ നീക്കമെന്ന മാധ്യമ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, അന്താരാഷ്ട്ര അർബൻ കോൺക്ലേവിന്റെ ഭാഗമായി എത്രയോ മുൻപ് തന്നെ ഇതിനുള്ള ചർച്ചകൾ തുടങ്ങിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വികസന രംഗത്ത് വലിയ മുന്നേറ്റങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ശബരി റെയിൽ പാതയ്ക്കും പ്രധാന റോഡ് വികസന പദ്ധതികൾക്കുമായി കിഫ്ബി വഴി ഫണ്ട് അനുവദിക്കാൻ തീരുമാനമായിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധത്തെ മറികടക്കാൻ കിഫ്ബിയെ ഫലപ്രദമായി ഉപയോഗിക്കാനാണ് സർക്കാർ നീക്കം. എൽ.ഡി.എഫ് ജാഥകളിൽ ദൃശ്യമാകുന്ന വമ്പിച്ച ജനപങ്കാളിത്തം ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
Also Read: നിയമസഭാ തിരഞ്ഞെടുപ്പ്! ‘സംയുക്ത നേതൃത്വ’വുമായി കോൺഗ്രസ്; ചെന്നിത്തലയും തരൂരും പ്രചാരണച്ചുമതലയിലേക്ക്
അതേസമയം, പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പാഠപുസ്തകങ്ങൾ നേരത്തെ വിതരണം ചെയ്യുന്നത് അപരാധമായി കാണുന്ന പ്രതിപക്ഷ നിലപാട് വിചിത്രമാണ്. യു.ഡി.എഫ് ഭരണകാലത്ത് പാഠപുസ്തക വിതരണം മുടങ്ങിയിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവന പച്ചക്കള്ളമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. വിദ്യാഭ്യാസ-വികസന മേഖലകളിലെ സർക്കാരിന്റെ മുന്നേറ്റങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇത്തരം വ്യാജപ്രചാരണങ്ങൾക്ക് പിന്നിലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
The post വികസനത്തിൽ വിപ്ലവം കുറിക്കാൻ നഗരനയം; യു.ഡി.എഫ് ആരോപണങ്ങൾ പച്ചക്കള്ളമെന്ന് എം.വി. ഗോവിന്ദൻ appeared first on Express Kerala.


