
നടൻ വിജയ്‌യെയും നടി തൃഷയെയും ബന്ധപ്പെടുത്തി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി തൃഷ രംഗത്ത്. വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ, തൃഷയുടെ പേര് വലിച്ചിഴച്ചുകൊണ്ടുള്ള നാഗേന്ദ്രന്റെ വാക്കുകൾ അത്യന്തം മ്ലേച്ഛവും അരോചകവുമാണെന്ന് തൃഷയുടെ അഭിഭാഷകൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും തന്റെ കഴിവിന്റെ അടിസ്ഥാനത്തിൽ മാത്രം അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും തൃഷ വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കൾ പൊതുവേദികളിൽ മാന്യതയും ഉത്തരവാദിത്തവും പുലർത്തണമെന്നും താരം ആവശ്യപ്പെട്ടു.
വിജയ് ആദ്യം തൃഷയുടെ വീട്ടിൽ നിന്ന് പുറത്തുവരട്ടെ എന്ന നൈനാർ നാഗേന്ദ്രന്റെ പ്രസ്താവനയാണ് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചത്. തമിഴക വെട്രി കഴകം എന്ന പാർട്ടിയിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന വിജയ്‍യെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ബിജെപി നേതാവ് ശ്രമിച്ചതെന്ന ആരോപണം ശക്തമാണ്. വിജയും തൃഷയും നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളവരാണ്. വിവാദം കടുത്തതോടെ, ആരെയും വേദനിപ്പിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് നൈനാർ നാഗേന്ദ്രൻ വിശദീകരിച്ചെങ്കിലും വലിയ തോതിലുള്ള വിമർശനങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയരുന്നത്.
Also Read: ശത്രു ബങ്കറുകൾ ഇനി ചാരമാകും! ‘ഹാമർ’ മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ മോദിയും മാക്രോണും കൈകോർക്കുന്നു?
ഭരണകക്ഷിയായ ഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികൾ ബിജെപി നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശത്തെ ശക്തമായി അപലപിച്ചു. രാഷ്ട്രീയവുമായി ബന്ധമില്ലാത്ത ഒരു സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നത് സംസ്കാരശൂന്യമാണെന്ന് ഡിഎംകെ എംപി കനിമൊഴി എൻ.വി.എൻ സോമു പ്രതികരിച്ചു. ബിജെപിയിലെ വനിതാ നേതാക്കൾ ഈ വിഷയത്തിൽ പുലർത്തുന്ന മൗനത്തെയും അവർ വിമർശിച്ചു. എന്നാൽ, ഡിഎംകെ രാഷ്ട്രീയ നേട്ടത്തിനായി വാക്കുകൾ വളച്ചൊടിക്കുകയാണെന്നും സ്ത്രീകളെ എക്കാലത്തും അവഹേളിച്ചിട്ടുള്ളത് ഡിഎംകെ ആണെന്നും ആരോപിച്ച് ബിജെപി നേതാവ് വിജയധരണി രംഗത്തെത്തിയതോടെ വിഷയം വലിയ രാഷ്ട്രീയ പോരാട്ടമായി മാറിയിരിക്കുകയാണ്.
The post “മ്ലേച്ഛമായ പരാമർശം, എന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്”; ബിജെപി അധ്യക്ഷനെതിരെ നടി തൃഷ രംഗത്ത്! appeared first on Express Kerala.


