
കൊളംബോ: ടി20 ലോകകപ്പിൽ പാകിസ്ഥാനെ 61 റൺസിന് തകർത്ത് ഇന്ത്യ സൂപ്പർ-8ൽ എത്തിയതിന് പിന്നാലെ, ഇന്ത്യൻ ഡ്രസിംഗ് റൂമിലെ ‘ഇംപാക്ട് പ്ലെയർ’ പുരസ്കാരം സ്വന്തമാക്കി ശിവം ദുബെ. ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര എന്നിവരുടെ മിന്നും പ്രകടനങ്ങളെ മറികടന്നാണ് ബാറ്റിംഗിലും ഫീൽഡിംഗിലും നിർണ്ണായക സ്വാധീനം ചെലുത്തിയ ദുബെയെ തേടി ഈ അംഗീകാരമെത്തിയത്.
ആർ. പ്രേമദാസ സ്റ്റേഡിയത്തിലെ ഡ്രസിംഗ് റൂമിൽ നടന്ന ചടങ്ങിൽ ടീം ഫിസിയോ യോഗേഷ് കുമാറാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്. കടുത്ത ഭക്ഷണക്രമം പാലിക്കുന്നതിനൊപ്പം ബാറ്റിംഗിലും ഫീൽഡിംഗിലും ഒരേപോലെ തിളങ്ങാൻ ദുബെയ്ക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മത്സരത്തിൽ 17 പന്തിൽ 27 റൺസ് നേടിയ ദുബെ, ഫീൽഡിംഗിൽ രണ്ട് നിർണ്ണായക ക്യാച്ചുകളും കൈക്കലാക്കിയിരുന്നു.
Also Read: ഇന്ത്യയോടേറ്റ തോൽവി പാകിസ്ഥാന് തിരിച്ചടിയായി; പാകിസ്ഥാന്റെ സൂപ്പർ എട്ട് സ്വപ്നങ്ങൾ പ്രതിസന്ധിയിൽ
പുരസ്കാരം സ്വീകരിച്ച ശേഷം തന്റെ ഫീൽഡിംഗ് മെച്ചപ്പെടുത്തിയതിന് കോച്ച് ടി. ദിലീപിന് ദുബെ നന്ദി അറിയിച്ചു. പ്രധാനപ്പെട്ട മത്സരത്തിൽ ടീമിനായി സംഭാവന നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിസിസിഐ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി പങ്കുവെച്ച ഈ മെഡൽ ദാന ചടങ്ങ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
The post ഹാർദിക്കിനെയും ഇഷാനെയും കടത്തിവെട്ടി! ഡ്രസിംഗ് റൂമിലെ ഹീറോയായി ശിവം ദുബെ appeared first on Express Kerala.


