
മലപ്പുറം: ഓൺലൈൻ വ്യാപാരത്തിന്റെ മറവിൽ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ യുവാവും യുവതിയും പിടിയിൽ. കോഴിക്കോട് കോവൂർ സ്വദേശി പണ്ടാരംകണ്ടി റമീഷ് (41), ചേളന്നൂർ സ്വദേശി സോന (23) എന്നിവരെയാണ് കാളികാവ് പോലീസ് അറസ്റ്റ് ചെയ്തത്. കാളികാവ് പൂങ്ങോട് സ്വദേശി ഹരിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന് 47 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്. കഴിഞ്ഞ മാസം പിടിയിലായ റമീഷിനെ തുടർന്നുള്ള അന്വേഷണത്തിലാണ് സോനയെ പോലീസ് കുടുക്കിയത്.
വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഓൺലൈൻ ബിസിനസ് പരസ്യങ്ങൾ നൽകിയാണ് ഇവർ ഇരകളെ ആകർഷിക്കുന്നത്. നിക്ഷേപിക്കുന്ന ചെറിയ തുകകൾക്ക് തുടക്കത്തിൽ കൃത്യമായി ലാഭവിഹിതം നൽകി വിശ്വാസം നേടിയെടുക്കും. തുടർന്ന് വൻതുക നിക്ഷേപിക്കുന്നതോടെ ലാഭവിഹിതം നൽകുന്നത് നിർത്തുകയും ഇവരുമായുള്ള ബന്ധം ഒഴിവാക്കുകയുമാണ് തട്ടിപ്പ് രീതി. പിടിയിലായവരുടെ ജോയിന്റ് അക്കൗണ്ടുകൾ വഴി ലക്ഷങ്ങളുടെ ഇടപാട് നടന്നതായി പോലീസ് കണ്ടെത്തി. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം ഊർജ്ജിതമാക്കിയതായും സി.ഐ. കെ അനുദാസ് അറിയിച്ചു.
The post ജോയിന്റ് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവും യുവതിയും പിടിയിൽ appeared first on Express Kerala.


