“ഇനി രണ്ട് മാസം കൂടി സുഖമായി ഉറങ്ങാം, പിന്നെ പ്രതിപക്ഷത്തിരുന്ന് സമരം ചെയ്യാം”; ഡിവൈഎഫ്ഐയെ പരിഹസിച്ച് അബിൻ വർക്കി

“ഇനി രണ്ട് മാസം കൂടി സുഖമായി ഉറങ്ങാം, പിന്നെ പ്രതിപക്ഷത്തിരുന്ന് സമരം ചെയ്യാം”; ഡിവൈഎഫ്ഐയെ പരിഹസിച്ച് അബിൻ വർക്കി

ഴിഞ്ഞ ഒമ്പത് വർഷമായി ഡിവൈഎഫ്ഐ ഉറക്കത്തിലാണെന്നും ഇനിയും ‘ഗുഡ് നൈറ്റ്’ എന്ന് മാത്രമേ അവരോട് പറയാനുള്ളൂവെന്നും യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി പരിഹസിച്ചു. സംസ്ഥാനത്തെ ഭരണമാറ്റം ഉടൻ സംഭവിക്കുമെന്നും അടുത്ത രണ്ട് മാസം കൂടി ഡിവൈഎഫ്ഐക്ക് സുഖമായി ഉറങ്ങാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകഴിഞ്ഞാൽ അവർക്ക് പ്രതിപക്ഷത്തിരുന്ന് സമരം ചെയ്യേണ്ടി വരുമെന്നും ഭരണമാറ്റത്തിനായുള്ള കൗണ്ട്ഡൗൺ തുടങ്ങിയതായും അബിൻ വർക്കി ഓർമ്മിപ്പിച്ചു.

യൂത്ത് കോൺഗ്രസിനെയോ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയോ വിരട്ടാമെന്നത് ഡിവൈഎഫ്ഐയുടെ വെറും വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിനെ തടയാൻ ശ്രമിച്ചാൽ യൂത്ത് കോൺഗ്രസും കെഎസ്‌യുവും കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. “അതിനുവെച്ച വെള്ളം വാങ്ങി വെച്ചോളൂ, അല്ലെങ്കിൽ സ്റ്റൗ തന്നെ ഓഫ് ചെയ്തോളൂ” എന്ന പരിഹാസത്തിലൂടെ ഡിവൈഎഫ്ഐയുടെ ഭീഷണികൾ തങ്ങൾ ഗൗനിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Also Read: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വൈകും; സീറ്റ് ചർച്ചകൾ സജീവം

സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി മന്ത്രി വീണാ ജോർജിനെതിരെയും അബിൻ വർക്കി ആഞ്ഞടിച്ചു. മന്ത്രിക്ക് അല്പമെങ്കിലും ധാർമ്മികതയുണ്ടെങ്കിൽ രാജിവെച്ച് ഒഴിയണമെന്നും എങ്കിൽ മാത്രമേ സാധാരണക്കാർക്ക് സമാധാനത്തോടെ സർക്കാർ ആശുപത്രികളിൽ പോകാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

The post “ഇനി രണ്ട് മാസം കൂടി സുഖമായി ഉറങ്ങാം, പിന്നെ പ്രതിപക്ഷത്തിരുന്ന് സമരം ചെയ്യാം”; ഡിവൈഎഫ്ഐയെ പരിഹസിച്ച് അബിൻ വർക്കി appeared first on Express Kerala.

Spread the love
Scroll to Top