
കേരള സർക്കാരിന്റെ പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്’ ഉടൻ വിപണിയിലെത്തും. പാലക്കാട് മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസിൽ ഇതിന്റെ ഉത്പാദനം ഔദ്യോഗികമായി ആരംഭിച്ചു. നേരത്തെ ‘മലബാർ മിസ്റ്ററി’ എന്ന് പേരിടാനായിരുന്നു ആലോചനയെങ്കിലും പിന്നീട് അത് തിരുത്തി ‘മിന്നൽ മാജിക്’ എന്ന് നിശ്ചയിക്കുകയായിരുന്നു. ഒരു മാസത്തിനുള്ളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി ഈ ബ്രാൻഡി പൊതുജനങ്ങൾക്ക് ലഭ്യമാകും.
തറക്കല്ലിട്ട് വെറും നാലര മാസം കൊണ്ടാണ് പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാക്കിയതെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. മിനിറ്റിൽ 240 കുപ്പികളിൽ മദ്യം നിറയ്ക്കാൻ ശേഷിയുള്ള പ്ലാന്റിൽ പ്രതിദിനം 13,500 കേയ്സ് മദ്യമാണ് ഉത്പാദിപ്പിക്കുക. നിലവിൽ അര ലിറ്റർ കുപ്പികളിലാണ് മദ്യം പുറത്തിറക്കുന്നത്. ഒരു കുപ്പിക്ക് 400 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. വരും ഘട്ടങ്ങളിൽ സ്പിരിറ്റ് ഉത്പാദനവും ഇവിടെ ആരംഭിക്കാനാണ് സർക്കാർ നീക്കം.
മദ്യ ഉത്പാദനത്തിന് പ്രതിദിനം ആവശ്യമായ ഒരു ലക്ഷം ലിറ്റർ വെള്ളം ജല അതോറിറ്റിയുമായി കരാറുണ്ടാക്കി മലമ്പുഴയിലെ പ്ലാന്റിൽ നിന്നാണ് നിലവിൽ എത്തിക്കുന്നത്. അടുത്ത ഘട്ടത്തിൽ പ്ലാന്റ് പരിസരത്ത് മഴവെള്ള സംഭരണി സ്ഥാപിക്കാനും പദ്ധതിയുണ്ട്. സംസ്ഥാനത്തിന്റെ മദ്യനയത്തിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ സ്വന്തം ബ്രാൻഡുമായി മുന്നോട്ട് പോകുന്നത്.
The post സർക്കാരിന്റെ സ്വന്തം ബ്രാൻഡി ‘മിന്നൽ മാജിക്’ ഉടൻ വിപണിയിലേക്ക്; ഉത്പാദനം തുടങ്ങി appeared first on Express Kerala.


