
വാടക കുടിശ്ശികയെച്ചൊല്ലി കേരള ബ്ലാസ്റ്റേഴ്സും ജിസിഡിഎയും തമ്മിലുണ്ടായിരുന്ന തർക്കം പരിഹരിച്ചു. ഇതോടെ ഞായറാഴ്ച കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടക്കേണ്ട ഐഎസ്എൽ മത്സരം നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ഒരാഴ്ചയ്ക്കകം കുടിശ്ശിക അടച്ചുതീർക്കാമെന്ന ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ ഉറപ്പിന്മേലാണ് സ്റ്റേഡിയം വിട്ടുനൽകാൻ ജിസിഡിഎ തീരുമാനിച്ചത്.
വാടക നൽകാത്തതിനെത്തുടർന്ന് സ്റ്റേഡിയത്തിനുള്ളിലെ ബ്ലാസ്റ്റേഴ്സ് ഓഫീസ് ജിസിഡിഎ അധികൃതർ പൂട്ടിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. മത്സരത്തിനായുള്ള ഒരുക്കങ്ങൾക്കെത്തിയ പ്രതിനിധികളെ പുറത്താക്കുകയും സ്റ്റേഡിയത്തിലെ വസ്തുക്കൾ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ വാർത്താസമ്മേളന വേദി വിട്ടുനൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് പ്രീ-മാച്ച് പ്രസ് കോൺഫറൻസ് ഓൺലൈനായി നടത്തേണ്ടി വന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Also Read: സൂപ്പർ എട്ടിൽ പാകിസ്ഥാന് ടോസ്; മഴ കാരണം കളി വൈകുന്നു
.ബ്ലാസ്റ്റേഴ്സ് സിഇഒ അബീക് ചാറ്റർജിയും ഉടമകളും ജിസിഡിഎ അധികൃതരുമായി നടത്തിയ നിർണ്ണായക ചർച്ചകൾക്കൊടുവിലാണ് പ്രശ്നത്തിന് താത്കാലിക പരിഹാരമായത്. കുടിശ്ശിക അടയ്ക്കാൻ കൂടുതൽ സമയം വേണമെന്ന ക്ലബ്ബിന്റെ ആവശ്യം ജിസിഡിഎ അംഗീകരിച്ചു. സ്റ്റേഡിയം വിട്ടുനൽകാൻ അധികൃതർ തയ്യാറായതോടെ നാളത്തെ മത്സരത്തെ സംബന്ധിച്ച് ആരാധകർക്കിടയിലുണ്ടായിരുന്ന ആശങ്കകൾക്ക് വിരാമമായി.
The post ബ്ലാസ്റ്റേഴ്സ് – ജിസിഡിഎ തർക്കം തീർന്നു; കൊച്ചിയിൽ നാളെ പന്ത് ഉരുളും appeared first on Express Kerala.


