loader image
“ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണം”; തന്റെ വലിയ ആഗ്രഹം വെളിപ്പെടുത്തി സുരേഷ് ഗോപി

“ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണം”; തന്റെ വലിയ ആഗ്രഹം വെളിപ്പെടുത്തി സുരേഷ് ഗോപി

ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി ഭഗവാനെ സേവിച്ച് മരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊച്ചിയിൽ ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ സംഘടിപ്പിച്ച ദേവി അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ മന്ത്രിപദവിയേക്കാൾ വലിയ ആഗ്രഹമാണിതെന്നും എന്നാൽ ഈ പ്രസ്താവന രാജിവെച്ച് പോകുന്നു എന്ന രീതിയിൽ വാർത്താ മാധ്യമങ്ങൾ വ്യാഖ്യാനിക്കുമോ എന്ന് തനിക്ക് ഭയമുണ്ടെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു.

തന്റെ ജീവിതത്തിലെ സ്ത്രീ സ്വാധീനത്തെക്കുറിച്ച് സംസാരിക്കവെ ഭാര്യ രാധികയ്ക്ക് അദ്ദേഹം വലിയ പ്രാധാന്യം നൽകി. തന്റെ വരുമാനത്തിലും സ്വത്തുക്കളിലും പകുതിയിലധികം ഭാര്യയുടെ പേരിലാണെന്നും മന്ത്രിസ്ഥാനം ഒഴികെ മറ്റെല്ലാ മേഖലകളിലും രാധികയ്ക്ക് തുല്യമായ പങ്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. മുത്തശ്ശിയിൽ നിന്നും അമ്മയിൽ നിന്നും തുടങ്ങിയ സ്ത്രീ സ്വാധീനം ഇപ്പോൾ ഭാര്യയിൽ എത്തിനിൽക്കുന്നുവെന്നും തന്റെ ശക്തി രാധികയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Also Read; അർജുൻ പാണ്ഡ്യൻ മികച്ച കളക്ടർ; തിരുവനന്തപുരം കളക്ടറേറ്റിനും പുരസ്‌കാരം

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 11 മലയാളി വനിതകൾക്ക് ചടങ്ങിൽ വെച്ച് സുരേഷ് ഗോപി ദേവി അവാർഡുകൾ സമ്മാനിച്ചു. ഡോ. സോസമ്മ ഐപ്, ലിറ്റി ചാക്കോ, നളിനി ചന്ദ്രൻ, പി.എസ്. ജലജ, കപില വേണു, പി. ഭാനുമതി, രേഷ്മ സുരേഷ്, രാധാമണി അമ്മ, പാരീസ് ലക്ഷ്മി, അഭയ ഹിരൺമയി തുടങ്ങിയവരാണ് പുരസ്‌കാരത്തിന് അർഹരായത്. നിശബ്ദതയിൽ പോലും ചരിത്രം കുറിക്കുന്ന സ്ത്രീകളെ ആദരിക്കാനാണ് ഈ ചടങ്ങ് സംഘടിപ്പിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി.

See also  കിംമ്മിന്റെ ആ മുന്നറിയിപ്പ് ആർക്കു വേണ്ടി?

ആത്മാർഥതയുണ്ടാവുക എന്നതാണ് രാഷ്ട്രീയ പ്രവർത്തകനാകാനുള്ള പ്രധാന യോഗ്യതയെന്നും അത് ശത്രുക്കളെപ്പോലും ഭയപ്പെടുത്തുമെന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു. മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് എഡിറ്റോറിയൽ ഡയറക്ടർ പ്രഭു ചാവ്ല, സി.ഇ.ഒ ലക്ഷ്മി മേനോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അദാനി ഗ്രൂപ്പ്, ജോയ് ആലുക്കാസ്, ഫെഡറൽ ബാങ്ക് തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പുരസ്‌കാര ചടങ്ങ് സംഘടിപ്പിച്ചത്.

The post “ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണം”; തന്റെ വലിയ ആഗ്രഹം വെളിപ്പെടുത്തി സുരേഷ് ഗോപി appeared first on Express Kerala.

Spread the love

New Report

Close