
തിരുവനന്തപുരം: ട്യൂഷൻ അധ്യാപകൻ പീഡിപ്പിച്ച വിവരം പതിനൊന്ന് വർഷങ്ങൾക്ക് ശേഷം അതിജീവിത വെളിപ്പെടുത്തിയ കേസിൽ പ്രതിക്ക് 18 വർഷം കഠിനതടവ്. മെഡിക്കൽ കോളേജ് സ്വദേശിയായ സുബാഷ് കുമാറിനെ (57) ആണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ 35,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴയൊടുക്കാത്ത പക്ഷം മൂന്നര വർഷം കൂടി അധിക ശിക്ഷ അനുഭവിക്കണം.
2013-ൽ പെൺകുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ട്യൂഷൻ അധ്യാപകനായിരുന്ന പ്രതി പീഡനം തുടങ്ങിയത്. 2014 ജനുവരി വരെ ഇത് പലതവണ ആവർത്തിച്ചു. പ്രതിയുടെ ഭീഷണി ഭയന്ന് പെൺകുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. പീഡനത്തെത്തുടർന്നുണ്ടായ കടുത്ത മാനസികാഘാതം മൂലം കുട്ടിയുടെ മനോനില തെറ്റുകയും തുടർപഠനത്തെ ഇത് ബാധിക്കുകയും ചെയ്തു. പ്ലസ് ടു കാലഘട്ടത്തിൽ ഒരു വർഷം പഠനം നഷ്ടമായ പെൺകുട്ടിക്ക് അമിതമായ ഭയവും ഒറ്റപ്പെട്ടു നിൽക്കുന്ന സ്വഭാവവും പാനിക് ഡിസോർഡറും അനുഭവപ്പെട്ടു തുടങ്ങി.
Also Read:ഒരേസമയം രണ്ടുയുവതികളുമായി ബന്ധം; വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ജിം പരിശീലകൻ അറസ്റ്റിൽ
തുടർന്ന് എംബിബിഎസ് പഠനത്തിനായി ഹോസ്റ്റലിൽ താമസിക്കുമ്പോഴാണ് കേസിൽ നിർണ്ണായകമായ വെളിപ്പെടുത്തലുണ്ടായത്. പ്രതിയുമായി രൂപസാദൃശ്യമുള്ള ഒരാളെ ഹോസ്റ്റലിൽ വെച്ച് കണ്ടപ്പോൾ പെൺകുട്ടിക്ക് കടുത്ത മനോവിഭ്രാന്തി ഉണ്ടായി. ഇതിനെത്തുടർന്ന് ഡോക്ടറെ കണ്ട് ചികിത്സ തേടിയപ്പോഴാണ് വർഷങ്ങൾക്ക് മുമ്പ് താൻ നേരിട്ട ക്രൂരത കുട്ടി തുറന്നുപറയുന്നത്. ഡോക്ടർ നൽകിയ വിവരമനുസരിച്ച് 2024-ലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. ആർ.എസ് വിജയ് മോഹൻ, അഡ്വ. സുരഭി പി. എന്നിവർ ഹാജരായി. സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ നിയാസ് പി., മെഡിക്കൽ കോളേജ് സബ് ഇൻസ്‌പെക്ടർ വിഷ്ണു പി.എൽ എന്നിവരാണ് കേസ് അന്വേഷിച്ചത്. പിഴത്തുകയ്ക്ക് പുറമെ ലീഗൽ സർവീസ് അതോറിറ്റി വഴി കുട്ടിക്കുള്ള നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിയിൽ വ്യക്തമാക്കുന്നു.
The post പതിനൊന്ന് വർഷത്തിന് ശേഷം നീതി; ട്യൂഷൻ അധ്യാപകന് 18 വർഷം കഠിനതടവ് appeared first on Express Kerala.




