
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷം കേരളത്തിന്റെ കയറ്റുമതി മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിമാന സർവീസുകൾ മുടങ്ങുകയും ഹോർമുസ് കടലിടുക്ക് അടച്ചതോടെ കപ്പൽ വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെടുകയും ചെയ്തതോടെ സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴിയുള്ള പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി പൂർണ്ണമായും നിലച്ചു. പ്രതിദിനം 150 ടണ്ണോളം കാർഷിക വിഭവങ്ങൾ അയച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരു ടൺ പോലും വിദേശത്തേക്ക് പോകുന്നില്ലെന്നത് വലിയ സാമ്പത്തിക ആഘാതമാണ് സൃഷ്ടിക്കുന്നത്.
റംസാൻ വിപണി ലക്ഷ്യമിട്ട് വൻതോതിൽ കൃഷിയിറക്കിയ കർഷകർക്കും കയറ്റുമതി വ്യാപാരികൾക്കുമാണ് ഈ സാഹചര്യം തിരിച്ചടിയായത്. തിരുവനന്തപുരം ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ വഴി ജിസിസി രാജ്യങ്ങളിലേക്ക് അയച്ചിരുന്ന ഉൽപ്പന്നങ്ങൾ കെട്ടിക്കിടന്ന് നശിക്കുന്ന അവസ്ഥയിലാണ്. നിലവിൽ ഒമാനിലേക്ക് മാത്രമാണ് പരിമിതമായ സർവീസുകൾ ഉള്ളതെങ്കിലും വിമാനക്കമ്പനികൾ സാധാരണ നിരക്കിന്റെ മൂന്നിരട്ടിയിലധികം കാർഗോ ചാർജ് ഈടാക്കുന്നത് വ്യാപാരികളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.
Also Read: പശ്ചിമേഷ്യൻ യുദ്ധം! ഇന്ത്യൻ ടെക്സ്റ്റൈൽ മേഖലയിൽ പ്രതിസന്ധി; കയറ്റുമതി ചെലവ് 400 ശതമാനം ഉയർന്നു
കയറ്റുമതി മുടങ്ങിയതോടെ വിദേശത്തേക്ക് അയക്കാൻ തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് നാട്ടിലെ വിപണികളിൽ വിറ്റഴിക്കേണ്ട ഗതികേടിലാണ് വ്യാപാരികൾ. ഈ പ്രതിസന്ധി നീണ്ടുനിന്നാൽ വരും ദിവസങ്ങളിൽ കോടിക്കണക്കിന് രൂപയുടെ അധികനഷ്ടം ഈ മേഖലയിൽ ഉണ്ടാകുമെന്ന് ആശങ്കപ്പെടുന്നു.
The post ഗൾഫ് പ്രതിസന്ധി! കേരളത്തിൽ നിന്നുള്ള കയറ്റുമതി നിലച്ചു; കോടികളുടെ നഷ്ടത്തിൽ കർഷകരും വ്യാപാരികളും appeared first on Express Kerala.




