
ദശലക്ഷക്കണക്കിന് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കെ-പോപ്പ് ഇതിഹാസങ്ങളായ ബിടിഎസ് പൂർണ്ണ രൂപത്തിൽ തിരിച്ചെത്തുന്നു. സൈനിക സേവനത്തിന് ശേഷം ഗ്രൂപ്പിലെ ഏഴ് അംഗങ്ങളും ഒന്നിക്കുന്ന ‘ബിടിഎസ് ദി കംബാക്ക് ലൈവ് | അരിരംഗ്’ എന്ന കോൺസേർട്ടിന്റെ ആവേശകരമായ ട്രെയിലർ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു. മാർച്ച് 20-ന് പുറത്തിറങ്ങുന്ന ഇവരുടെ പുതിയ ആൽബമായ ‘അരിരംഗിന്’ പിന്നാലെ മാർച്ച് 21-ന് സിയോളിലെ ചരിത്രപ്രസിദ്ധമായ ഗ്വാങ്വാമുനിൽ നിന്ന് ലോകമെമ്പാടുമുള്ള ആരാധകർക്കായി കോൺസേർട്ട് തത്സമയം സംപ്രേക്ഷണം ചെയ്യും.
“ഏഴ് പേരും ഒന്നിച്ചാൽ ഞങ്ങൾക്ക് എന്തും നേടാം” എന്ന ലീഡർ ആർ.എമ്മിന്റെ വാക്കുകൾ ട്രെയിലറിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. തങ്ങൾ ആരാധകർക്ക് നൽകിയ വാക്ക് പാലിച്ചിരിക്കുകയാണെന്നും എല്ലാവരെയും ഒരുപാട് മിസ്സ് ചെയ്തെന്നും ആർ.എമ്മും ജുങ്കൂക്കും വൈകാരികമായി ട്രെയിലറിൽ സംസാരിക്കുന്നുണ്ട്. ആരാധകരുടെ പ്രിയപ്പെട്ട ഗാനമായ ‘മൈക്രോകോസ്മോസ്’ പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയ ട്രെയിലർ നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങാണ്. ഇതിന് പിന്നാലെ മാർച്ച് 27-ന് ആൽബം നിർമ്മാണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ ഉൾപ്പെടുത്തിയ ‘ബിടിഎസ്: ദി റിട്ടേൺ’ എന്ന ഡോക്യുമെന്ററിയും റിലീസ് ചെയ്യും.
Also Read: ജയിലർ 2 ഒരുങ്ങുന്നു! മുത്തുവേൽ പാണ്ഡ്യനൊപ്പം മോഹൻലാലും ഷാരുഖ് ഖാനും ഒന്നിക്കുമോ? ആകാംക്ഷയോടെ ആരാധകർ
തിരിച്ചുവരവിനോടൊപ്പം തന്നെ 2026-2027 വർഷങ്ങളിലായി ബിടിഎസ് ഒരു വമ്പൻ വേൾഡ് ടൂറും പ്രഖ്യാപിച്ചിട്ടുണ്ട്. ഏഷ്യയും യൂറോപ്പും ഉൾപ്പെടെ വിവിധ ഭൂഖണ്ഡങ്ങളിലായി 79 നഗരങ്ങളിലാണ് ഷോ അരങ്ങേറുന്നത്. സെപ്റ്റംബറിൽ അമേരിക്കയിലെ സോഫി സ്റ്റേഡിയത്തിൽ നടക്കുന്ന പ്രകടനം ആരാധകർക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കാനായി 360 ഡിഗ്രി ആംഗിളിലാണ് ഒരുക്കുന്നത്. മാർച്ച് 21-ന് ഇന്ത്യൻ സമയം വൈകുന്നേരം 4:30-ഓടെ ആരാധകർക്ക് നെറ്റ്ഫ്ലിക്സിലൂടെ ഈ ലൈവ് കോൺസേർട്ട് ആസ്വദിക്കാൻ സാധിക്കും.
The post ‘ഏഴുപേരും ഒന്നിച്ചാൽ എന്തും നേടാം’! ബിടിഎസ് വൻ തിരിച്ചുവരവിനൊരുങ്ങുന്നു, കോൺസേർട്ട് ട്രെയിലർ പുറത്ത് appeared first on Express Kerala.




