
പശ്ചിമേഷ്യൻ യുദ്ധം ആറാം ദിവസവും അതിരൂക്ഷമായി തുടരുന്നതിനിടെ, ഇറാന്റെ നീക്കങ്ങൾ ആഗോള ഭീഷണിയാണെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഡൽഹിയിലെത്തിയ അമേരിക്കൻ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ ആണ് ഇറാന്റെ ആണവായുധ മോഹങ്ങൾ ലോകരാജ്യങ്ങൾക്ക് വെല്ലുവിളിയാണെന്ന് വ്യക്തമാക്കിയത്. മേഖലയിലെ അശാന്തിക്ക് കാരണം ഇറാനാണെന്നും അവർ ലോകത്തിന് ഭീഷണിയാകുന്നത് തടയാനാണ് അമേരിക്കയുടെ ഇപ്പോഴത്തെ സൈനിക നീക്കങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുമായുള്ള വ്യാപാര കരാറുകൾ ചർച്ച ചെയ്യാനെത്തിയ ലാൻഡൗ, റഷ്യക്ക് പകരമായി അമേരിക്കയിൽ നിന്ന് ഇന്ത്യക്ക് എണ്ണ വാങ്ങാമെന്ന നിർദ്ദേശവും മുന്നോട്ടുവെച്ചു
അതേസമയം, ഇറാന്റെ ആഭ്യന്തര സുരക്ഷാ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത ആക്രമണത്തിൽ മരണം 1100 കടന്നു. അയ്യായിരത്തിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇറാന്റെ മിസൈൽ, ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് നിലവിൽ ആക്രമണം തുടരുന്നത്. ഇതിന് തിരിച്ചടിയായി ഗൾഫ് മേഖലയിൽ ഇറാൻ നടത്തുന്ന ഡ്രോൺ-മിസൈൽ വർഷം അയൽരാജ്യങ്ങളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. സൗദി അറേബ്യയിലെ അൽ ഖർജിൽ മൂന്ന് ഇറാൻ ഡ്രോണുകൾ തകർത്തതായി സൗദി അറിയിച്ചു. വിഷയത്തിൽ അമേരിക്ക, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളുമായി സൗദി ചർച്ചകൾ നടത്തിയിട്ടുണ്ട്.
Also Read:ഇന്ത്യയെ സഹായിച്ച ഇറാന്റെ ദുരന്തത്തിൽ കേന്ദ്രം നിശബ്ദത പാലിക്കുന്നു; ആഞ്ഞടിച്ച് മെഹ്ബൂബ മുഫ്തി
യുദ്ധം കടുക്കുന്നതിനിടെ ഗൾഫ് കടലിടുക്കിൽ ഇന്ധനക്കപ്പലിൽ ചോർച്ചയുണ്ടായതായുള്ള റിപ്പോർട്ടുകൾ ആശങ്ക വർദ്ധിപ്പിക്കുന്നു. മുബാറക് അൽ കബീർ തീരത്തിന് സമീപം സ്ഫോടന ശബ്ദം കേട്ടതിന് പിന്നാലെയാണ് ചോർച്ച ദൃശ്യമായത്. എന്നാൽ ഇത് തങ്ങളുടെ തീരത്തല്ലെന്ന് കുവൈത്ത് വ്യക്തമാക്കിയിട്ടുണ്ട്. സംഘർഷം പടരുന്ന സാഹചര്യത്തിൽ ഖത്തറിലെ അമേരിക്കൻ എംബസിക്ക് പരിസരത്തുള്ള താമസക്കാരെ മുൻകരുതൽ നടപടിയായി ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
The post റഷ്യ വേണ്ട, എണ്ണ അമേരിക്ക നൽകും; ഇന്ത്യക്ക് വമ്പൻ വാഗ്ദാനവുമായി ക്രിസ്റ്റഫർ ലാൻഡൗ appeared first on Express Kerala.




