
ഐസിസി ടി20 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് ഈ ആവേശപ്പോരാട്ടം നടക്കുന്നത്. ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് ഇതിനോടകം ഫൈനലിൽ ഇടംപിടിച്ചു കഴിഞ്ഞു. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്നവർ ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ കിവികളുമായി ഏറ്റുമുട്ടും.
വാംഖഡെയിൽ നിലവിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും ടൂർണമെന്റിലെ മഴസാധ്യത കണക്കിലെടുത്ത് ഐസിസി വ്യക്തമായ നിയമങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സെമി ഫൈനലിന് റിസർവ് ദിനം അനുവദിച്ചിട്ടുണ്ടെന്നത് ആരാധകർക്ക് ആശ്വാസമാണ്. നിശ്ചിത ദിവസം കളി നടന്നില്ലെങ്കിൽ തൊട്ടടുത്ത ദിവസം മത്സരം തുടരാം. ഒരു മത്സരത്തിന് ഫലം ഉണ്ടാകണമെങ്കിൽ ഇരു ടീമുകളും കുറഞ്ഞത് 10 ഓവർ വീതമെങ്കിലും ബാറ്റ് ചെയ്യേണ്ടതുണ്ട്.
Also Read:സഞ്ജുവിനെ പൂട്ടാൻ ആർച്ചർ ‘ഷോർട്ട് ബോൾ’ എറിയണം; സെമിക്ക് മുൻപ് മുന്നറിയിപ്പുമായി ഡു പ്ലെസിസ്
എന്നാൽ രണ്ട് ദിവസവും മഴ മൂലം കളി നടത്താൻ സാധിക്കാതെ വന്നാൽ കാര്യങ്ങൾ ഇന്ത്യയ്ക്ക് പ്രതികൂലമാകും. അത്തരമൊരു സാഹചര്യത്തിൽ സൂപ്പർ 8 ഘട്ടത്തിൽ സ്വന്തം ഗ്രൂപ്പിൽ ഒന്നാമതെത്തിയ ടീമിനായിരിക്കും ഫൈനലിലേക്ക് യോഗ്യത ലഭിക്കുക. സൂപ്പർ 8-ൽ മൂന്ന് വിജയങ്ങളുമായി ഇംഗ്ലണ്ട് തങ്ങളുടെ ഗ്രൂപ്പിൽ ഒന്നാമതായിരുന്നു. എന്നാൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അതിനാൽ മത്സരം പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വന്നാൽ ഇംഗ്ലണ്ട് നേരിട്ട് ഫൈനലിലെത്തും. മാർച്ച് എട്ടിന് അഹമ്മദാബാദിലാണ് ലോകകപ്പ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്.
The post ഇന്ത്യ-ഇംഗ്ലണ്ട് സെമി ഇന്ന്! മഴ കളി മുടക്കിയാൽ ഇന്ത്യയ്ക്ക് പുറത്തേക്കുള്ള വഴി? appeared first on Express Kerala.




