
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൈനിക സജ്ജീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ രാജ്യത്തെ പുതിയ യുദ്ധക്കപ്പലുകൾ സന്ദർശിച്ചു. ഉത്തരകൊറിയ സ്വന്തമായി നിർമ്മിച്ച 5,000 ടൺ ഭാരമുള്ള ‘ചോ ഹ്യോൺ-ക്ലാസ്’ ഡിസ്ട്രോയറുകളിലെ ആദ്യ കപ്പലായ ‘ചോ ഹ്യോൺ’ ആണ് അദ്ദേഹം സന്ദർശിച്ചത്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടന്ന ഈ യാത്രയിൽ, കപ്പലിൽ നിന്നുള്ള സ്ട്രാറ്റജിക് ക്രൂയിസ് മിസൈൽ പരീക്ഷണത്തിന് അദ്ദേഹം നേരിട്ട് മേൽനോട്ടം വഹിച്ചതായും ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.
അമേരിക്കയും സഖ്യകക്ഷികളും പ്രകോപനം തുടരുകയാണെന്ന് കുറ്റപ്പെടുത്തിയ കിം, പസഫിക് സമുദ്രത്തിൽ രാജ്യത്തിന്റെ നാവികശക്തി വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കി. ഒൻപതാം കോൺഗ്രസിലെ പുതിയ ദേശീയ തന്ത്രമനുസരിച്ച്, പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി എല്ലാ വർഷവും രണ്ട് അത്യാധുനിക ഉപരിതല യുദ്ധക്കപ്പലുകൾ വീതം നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലെ കപ്പൽശാലയിൽ ഇതേ വിഭാഗത്തിൽപ്പെട്ട മൂന്നാമത്തെ യുദ്ധക്കപ്പലിന്റെ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
Also Read: ഇറാനെ മനഃപൂർവ്വം പ്രകോപിപ്പിക്കുന്നു; മധ്യേഷ്യയിലെ സംഘർഷത്തിൽ അമേരിക്കയ്ക്കെതിരെ റഷ്യ
കഴിഞ്ഞ മെയ് മാസത്തിൽ ചോ ഹ്യോൺ ക്ലാസിലെ രണ്ടാമത്തെ കപ്പലിന്റെ വിക്ഷേപണം പരാജയപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് ചില ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും, അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജൂണിൽ അത് വീണ്ടും വിജയകരമായി വിക്ഷേപിച്ചതായി അധികൃതർ അറിയിച്ചു. നാവികസേനയുടെ ആണവായുധ വികസനത്തിലുണ്ടായ പുരോഗതിയിൽ കിം ജോങ് ഉൻ സംതൃപ്തി രേഖപ്പെടുത്തുകയും കപ്പൽപ്പടയുടെ നവീകരണം ഊർജിതമായി തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
The post ആക്രമണ ശേഷി കൂട്ടി ഉത്തരകൊറിയ; ഓരോ വർഷവും രണ്ട് യുദ്ധക്കപ്പലുകൾ വീതം നിർമ്മിക്കാൻ തീരുമാനം appeared first on Express Kerala.




