
അമേരിക്കൻ അന്തർവാഹിനിയുടെ ടോർപ്പിഡോ ആക്രമണത്തിൽ തകർന്ന ഇറാനിയൻ യുദ്ധക്കപ്പൽ ഐറിസ് ദേനയെ സഹായിക്കാൻ ഇന്ത്യൻ നാവികസേന രംഗത്തെത്തി. മാർച്ച് 4-ന് പുലർച്ചെ ശ്രീലങ്കയിലെ ഗാലെ തീരത്തിന് 40 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ചാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. സ്ഫോടനത്തിന് പിന്നാലെ കപ്പലിൽ നിന്ന് അടിയന്തര സന്ദേശം ലഭിച്ചതോടെ കൊളംബോയിലെ മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിന്റെ നിർദ്ദേശപ്രകാരം ഇന്ത്യൻ നാവികസേന അതിവേഗം രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
ശ്രീലങ്കൻ നാവികസേനയുടെ നേതൃത്വത്തിൽ നടക്കുന്ന തിരച്ചിലിന് പിന്തുണയുമായി ദീർഘദൂര സമുദ്ര പെട്രോളിംഗ് വിമാനങ്ങളെ ഇന്ത്യ വിന്യസിച്ചു. നിലവിൽ കടലിൽ കുടുങ്ങിക്കിടക്കുന്ന 130-ഓളം നാവികരെ രക്ഷപ്പെടുത്താനായി ലൈഫ് റാഫ്റ്റുകൾ ഘടിപ്പിച്ച വിമാനങ്ങൾ സജ്ജമാണ്. ഇതിനുപുറമെ, സമീപത്തുണ്ടായിരുന്ന ഇന്ത്യൻ പരിശീലന കപ്പൽ ഐഎൻഎസ് തരംഗിണി ദുരന്തബാധിത മേഖലയിലെത്തി തിരച്ചിലിൽ പങ്കുചേർന്നു. കൊച്ചിയിൽ നിന്നുള്ള സർവേ കപ്പലായ ഐഎൻഎസ് ഇക്ഷാകും രക്ഷാദൗത്യത്തിനായി പുറപ്പെട്ടിട്ടുണ്ട്.
വിശാഖപട്ടണത്ത് നടന്ന സംയുക്ത സൈനികാഭ്യാസത്തിന് ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന ഐറിസ് ദേനയ്ക്ക് നേരെ മുന്നറിയിപ്പില്ലാതെയാണ് അമേരിക്ക ആക്രമണം നടത്തിയത്. ഇറാന്റെ തീരത്തുനിന്ന് 2,000 മൈൽ അകലെ നടന്ന ഈ സംഭവത്തെ ‘കടലിലെ ക്രൂരത’ എന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വിശേഷിപ്പിച്ചത്. ആക്രമണ സമയത്ത് കപ്പൽ മുങ്ങിത്തുടങ്ങിയിരുന്നുവെന്നും രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Also Read: ആക്രമണ ശേഷി കൂട്ടി ഉത്തരകൊറിയ; ഓരോ വർഷവും രണ്ട് യുദ്ധക്കപ്പലുകൾ വീതം നിർമ്മിക്കാൻ തീരുമാനം
സംഭവത്തിൽ ശ്രീലങ്ക നിഷ്പക്ഷത പാലിക്കുകയും പ്രശ്നപരിഹാരത്തിനായി ചർച്ചകൾ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ നാവികസേനയുടെ അതിഥിയായി വിശേഷിപ്പിക്കപ്പെട്ട കപ്പലിന് നേരെയുണ്ടായ ആക്രമണം പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്. അപകടത്തിൽപ്പെട്ട നാവികരെ കണ്ടെത്താനുള്ള ഊർജിതമായ ശ്രമങ്ങൾ ഇന്ത്യൻ, ശ്രീലങ്കൻ ഏജൻസികളുടെ ഏകോപനത്തോടെ തുടരുകയാണ്.
The post അമേരിക്കൻ ആക്രമണത്തിൽ തകർന്ന ഇറാനിയൻ യുദ്ധക്കപ്പൽ; രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേന appeared first on Express Kerala.




