നേപ്പാളിൽ രാഷ്ട്രീയ അട്ടിമറി സൂചന; കെ.പി. ഒലി പിന്നിൽ, ബാലെൻ ഷായ്ക്ക് വൻ മുന്നേറ്റം

നേപ്പാളിൽ രാഷ്ട്രീയ അട്ടിമറി സൂചന; കെ.പി. ഒലി പിന്നിൽ, ബാലെൻ ഷായ്ക്ക് വൻ മുന്നേറ്റം

നേപ്പാളിൽ കഴിഞ്ഞ വർഷം നടന്ന ജനകീയ പ്രക്ഷോഭത്തിന് ശേഷം നടന്ന നിർണ്ണായകമായ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഘട്ട സൂചനകൾ പുറത്തുവരുമ്പോൾ മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ നേതൃത്വത്തിലുള്ള സി.പി.എൻ (യു.എം.എൽ) പാർട്ടി കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഒലിയുടെ ഉറച്ച കോട്ടയായി കരുതപ്പെട്ടിരുന്ന ഝാപ-5 മണ്ഡലത്തിൽ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (RSP) നേതാവും മുൻ കാഠ്മണ്ഡു മേയറുമായ ബാലെൻ ഷാ വലിയ ലീഡ് നേടിക്കൊണ്ട് മുന്നേറുകയാണ്. വോട്ടെണ്ണലിന്റെ പ്രാരംഭ ഘട്ടത്തിൽ ബാലെൻ ഷായ്ക്ക് 1,476 വോട്ടുകൾ ലഭിച്ചപ്പോൾ ശർമ ഒലിക്ക് 384 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.

കഴിഞ്ഞ വർഷം നേപ്പാളിനെ പിടിച്ചുലച്ച യുവജന പ്രക്ഷോഭത്തിൽ 77 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ശർമ ഒലി പ്രധാനമന്ത്രി പദം രാജിവച്ചത്. ഇതിനു പിന്നാലെ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകിയത്. വ്യാഴാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 5 വരെ നടന്ന വോട്ടെടുപ്പിൽ 60 ശതമാനം പോളിംഗ് രേഖപ്പെടുത്തി. നേരിട്ട് വോട്ടെടുപ്പ് നടക്കുന്ന 165 സീറ്റുകളിലേക്കും പ്രാതിനിധ്യ വോട്ടുള്ള 110 സീറ്റുകളിലേക്കുമായി അയ്യായിരത്തിലധികം സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

Also Read; ഇറാനിലെ പിഞ്ചുകുഞ്ഞുങ്ങളുടെ ചോര വീണ മിനാബ്; ഇറാനെതിരെയുള്ള ട്രംപ് ഭരണകൂടത്തിന്റെ ക്രൂരതയോ?

യുവതലമുറയുടെ വലിയ പിന്തുണയുള്ള ബാലെൻ ഷായും അദ്ദേഹത്തിന്റെ പാർട്ടിയും വിവിധ മണ്ഡലങ്ങളിൽ മുന്നേറ്റം തുടരുന്നത് നേപ്പാൾ രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തിൽ പോലും ശർമ ഒലി പിന്നിലായത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയിൽ കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്. വോട്ടെണ്ണൽ ആരംഭിച്ച് 24 മണിക്കൂറിനകം പൂർണ്ണമായ ഫലം പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

The post നേപ്പാളിൽ രാഷ്ട്രീയ അട്ടിമറി സൂചന; കെ.പി. ഒലി പിന്നിൽ, ബാലെൻ ഷായ്ക്ക് വൻ മുന്നേറ്റം appeared first on Express Kerala.

Spread the love
Scroll to Top