അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിടാൻ ഇറാനെ സഹായിക്കാൻ രഹസ്യവിവരങ്ങൾ കൈമാറി റഷ്യ

അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിടാൻ ഇറാനെ സഹായിക്കാൻ രഹസ്യവിവരങ്ങൾ കൈമാറി റഷ്യ

റാനുമായി റഷ്യ അമേരിക്കയുടെ നിർണ്ണായക സൈനിക രഹസ്യവിവരങ്ങൾ പങ്കിടുന്നുവെന്ന് അമേരിക്കൻ ഉന്നതർ. ഇതുവഴി എളുപ്പത്തിൽ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിടാൻ ഇറാന് കഴിയുന്നുണ്ട് എന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. സംഘർഷം ആരംഭിച്ചതിന് പിന്നാലെ തന്നെ ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനികരുടെ നിലപാടുകളും നീക്കങ്ങളും സംബന്ധിച്ച വിവരങ്ങൾ മോസ്കോ ഇറാനിലേക്ക് കൈമാറിയതായി തെളിവുകൾ സഹിതമുള്ള റിപ്പോർട്ടുകളുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. അമേരിക്കയുടെ സകല പ്രതിരോധ സംവിധാനങ്ങളെയും ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന ഈ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത് പ്രമുഖ അന്താരാഷ്ട് മാധ്യമമാണ്.

റഷ്യ നൽകിയ വിവരങ്ങൾ ഉപയോഗിച്ച് ഇറാന് അമേരിക്കയുടെ റഡാർ കേന്ദ്രങ്ങൾ, യുദ്ധക്കപ്പലുകൾ, വിമാനങ്ങൾ എന്നിവയെ ലക്ഷ്യമിട്ട് കൂടുതൽ സങ്കീർണ്ണമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്താൻ സാധിച്ചുവെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകളിൽ പറയുന്നത്. ഇറാന്റെ സ്വന്തം ഉപഗ്രഹങ്ങൾക്ക് കണ്ടെത്താൻ ബുദ്ധിമുട്ടുള്ള താൽക്കാലിക സൈനിക സൗകര്യങ്ങളും ഇതിലൂടെ ഇറാൻ സേനക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. അതിൽ കുവൈത്തിലെ ഒരു സൈനിക കേന്ദ്രത്തിൽ നടന്ന ആക്രമണത്തിൽ ആറ് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.

അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രമുഖ അമേരിക്കൻ മാധ്യമമായ ദി വാഷിംഗ്‌ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, ഈ നീക്കം വർധിച്ചുവരുന്ന സംഘർഷത്തിൽ റഷ്യയുടെ നേരിട്ടുള്ള പങ്കാളിത്തത്തിന്റെ ആദ്യ സൂചനയായാണ് വിലയിരുത്തിയിരിക്കുന്നത്. ഒരു ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥൻ ഇത് “വ്യാപകമായ രഹസ്യവിവര സഹകരണ ശ്രമം” എന്നാണ് വിശേഷിപ്പിച്ചത്.

Also Read: ഇറാൻ്റെ കൈവശം ‘ഡേർട്ടി ബോംബും’ സമ്പുഷ്ടീകരിച്ച യുറേനിയം ഉപയോഗിച്ച് നിർമ്മിച്ചെന്ന് റിപ്പോർട്ട്

വിദഗ്ധരുടെ അഭിപ്രായത്തിൽ, റഷ്യയുടെ ഉപഗ്രഹ നിരീക്ഷണ ശേഷിയാണ് ഇറാനെ സഹായിക്കുന്ന പ്രധാന ഘടകം എന്ന് ഊന്നി പറയുന്നുണ്ട്. റഷ്യയുടെ ഏകദേശം 110 സൈനിക ഉപഗ്രഹങ്ങൾ പ്രവർത്തനക്ഷമമായിരിക്കുമ്പോൾ ഇറാന് ഏകദേശം 13 ഉപഗ്രഹങ്ങൾ മാത്രമാണ് ഉള്ളത്. അതിൽ ചിലത് ഇസ്ലാമിക റിവൊല്യൂഷനറി ഗുർഡ് കോർപസിയുടെ നിയന്ത്രണത്തിലുള്ളതാണ്. ഈ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് വിമാനത്താവളങ്ങൾ, സൈനിക താവളങ്ങൾ, നാവിക നീക്കങ്ങൾ എന്നിവ കണ്ടെത്താൻ സാധിക്കും. ഉദാഹരണമായി, അമേരിക്കയുടെ വിമാന വാഹി കപ്പലായ യൂസ് ജറാൾഡ് ആർ . ഫോർഡിന്റെ നീക്കങ്ങൾ പോലും ഇറാന് നിഷ്പ്രയാസം നിരീക്ഷിക്കാനാകും.

വിദഗ്ധർ പറയുന്നതനുസരിച്ച്, റഷ്യ, ഇറാനെ അമേരിക്കയുടെ രഹസ്യവിവര ശേഖരണ കേന്ദ്രങ്ങളുടെ സ്ഥാനം കണ്ടെത്താനും മറ്റും തീർച്ചയായും സഹായിച്ചിട്ടുണ്ട് എന്നതു തന്നെയാണ്. ഇതിലൂടെ ഇനി ഇറാൻ കൂടുതൽ ഡ്രോൺ – മിസൈൽ ആക്രമണങ്ങൾ നടത്താൻ സാധ്യത ഏറെയാണ്. കൂടാതെ, അമേരിക്കൻ സൈനിക ആശയവിനിമയങ്ങൾ നിരീക്ഷിച്ച് അവരുടെ സൈനിക വിന്യാസങ്ങൾ മനസ്സിലാക്കാനും ഇതുവഴി ഇറാന് സാധിക്കും.

റഷ്യയുടെ ഈ നടപടി, അമേരിക്കയോടുള്ള ഒരു മധുരമായ പ്രതികാരം കൂടിയാണ്. യുക്രൈയിൻ യുദ്ധത്തിൽ അമേരിക്ക യുക്രൈയിന് നൽകുന്ന സൈനികവും ഉപഗ്രഹവുമായ സഹായത്തിന് പ്രതികാരമായി റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ സ്വീകരിച്ച നീക്കമായിരിക്കാമെന്നാണ് യുദ്ധ വിദഗ്ധരും വിലയിരുത്തുന്നത്. ഇപ്പോഴത്തെ സംഘർഷത്തിന് മുൻപ്, ചൈന ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഷി പുനർനിർമ്മിക്കാൻ സാങ്കേതിക സഹായം നൽകിയതായ റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. നിലവിലെ യുദ്ധത്തിൽ ചൈന നേരിട്ടുള്ള സൈനിക സഹായം നൽകിയിട്ടില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും, യുദ്ധം മൂർച്ചിച്ചാൽ റഷ്യയും ചൈനയും നേരിട്ട് ഇടപെടാനുള്ള സാധ്യതയും ഏറെയാണ്.

Also Read: ഇറാന്റെ പുതിയ ഇരുമ്പ് മുഷ്ടി; ഐ ആർ ജി സിയുടെ തലവനായി ഇനി അഹമ്മദ് വാഹിദി

അമേരിക്കൻ സെൻട്രൽ കമാൻഡ് അടുത്തിടെ ഇറാന്റെ സൈനിക സ്പേസ് അടിസ്ഥാനസൗകര്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി അറിയിച്ചിരുന്നു. മേഖലയുടെ കമാൻഡറായ ബ്രാഡ് കോപ്പറുടെ വാക്കുകൾ പ്രകാരം, ഇറാന്റെ സ്പേസ് ശേഷി കുറയ്ക്കാനും അമേരിക്കൻ സൈനികരെ ഭീഷണിപ്പെടുത്താനുള്ള ശേഷി തകർക്കാനുമാണ് ഈ ആക്രമണങ്ങൾ നടത്തിയതെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ ചില വിദഗ്ധർ പറയുന്നത് ഇറാന്റെ സ്പേസ് സാങ്കേതിക ശേഷി വളരെ പരിമിതമാണെന്നാണ്. അവരുടെ ശക്തി പ്രധാനമായും ഇലക്ട്രോണിക് യുദ്ധതന്ത്രങ്ങളിൽ, പ്രത്യേകിച്ച് ഉപഗ്രഹ സിഗ്നലുകൾ ജാം ചെയ്യുന്നതിലും വ്യാജസിഗ്നൽ നൽകുന്നതിലും ആണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെയാണ് റഷ്യൻ സഹായം ഇറാന് ഗുണം ചെയ്തിരിക്കുന്നത്.

ലോകത്തിലെ വൻ ശക്തികൾ തമ്മിലുള്ള മത്സരവും സംഘർഷവും കൂടുതൽ വ്യാപിക്കുന്നുവെന്ന സൂചനകളായാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ വിലയിരുത്തപ്പെടുന്നത്. റഷ്യ പിന്നിൽ നിന്നും നൽകുന്ന ‘ഊർജ്ജം’ അമേരിക്കയുടെ സകല കണക്ക് കൂട്ടലുകളും തെറ്റിക്കുന്നതാണ്. ഇത് മൂലം അമേരിക്കയുടെ വിമാന വാഹിനി കപ്പലിനെ പോലും ആയിരക്കണക്കിന് കിലോമീറ്ററിന് അപ്പുറത്തേക്ക് മാറ്റേണ്ട ഗതികേടാണ് ലോക വൻ ശക്തിക്കുള്ളത്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിടാൻ ഇറാനെ സഹായിക്കാൻ രഹസ്യവിവരങ്ങൾ കൈമാറി റഷ്യ appeared first on Express Kerala.

Spread the love
Scroll to Top