
പൂച്ചാക്കൽ: വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപ് നിവാസികളുടെ തലമുറകളായുള്ള കാത്തിരിപ്പിന് ഇന്ന് വിരാമമാകും. കായലിന് കുറുകെ നിർമ്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആധുനിക നിർമ്മാണ വൈദഗ്ധ്യവും മഴവിൽ അഴകും സമന്വയിക്കുന്ന പാലം ദ്വീപിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാണ്.
കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 100 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. ദേശീയ ജലപാത കടന്നുപോകുന്ന ഭാഗത്ത് തൂണുകൾ ഒഴിവാക്കി മനോഹരമായ ബോസ്ട്രിങ് ആർച്ച് മാതൃകയിലാണ് പാലം പണിതിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് വിഭാഗത്തിനായിരുന്നു നിർമ്മാണ ചുമതല. പാലം തുറക്കുന്നതോടെ ആദ്യമായി കെ.എസ്.ആർ.ടി.സി ബസുകൾ ദ്വീപിലേക്ക് എത്തും. നിലവിൽ പെരുമ്പളം പാലം മൈതാനം താൽക്കാലിക ബസ് സ്റ്റാൻഡായി ഉപയോഗിക്കും.
പെരുമ്പളം പാലത്തിനൊപ്പം ജില്ലയിലെ മറ്റ് പ്രധാന പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും. 752 കോടി രൂപ ചെലവിൽ നവീകരിച്ച ആലപ്പുഴ-ചങ്ങനാശേരി റോഡ്, , 65.5 കോടി രൂപയില്‍ നിര്‍മിച്ച പടഹാരം പാലം, കാവാലം തട്ടാശേരി പാലത്തിന്റെ നിര്‍മാണം എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, പി. പ്രസാദ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
The post കാത്തിരിപ്പിന് വിരാമം; കായൽപ്പരപ്പിൽ മഴവിൽ വിസ്മയമായി പെരുമ്പളം പാലം ഇന്ന് തുറക്കുന്നു appeared first on Express Kerala.




