
സാമ്പത്തിക പ്രതിസന്ധിയിൽ കഷ്ട്ടപ്പെടുന്ന പാകിസ്ഥാനിൽ ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവിലയിൽ വൻ വർദ്ധനവ് പ്രഖ്യാപിച്ചു. പെട്രോളിനും ഹൈസ്പീഡ് ഡീസലിനും ലിറ്ററിന് 55 രൂപ വീതമാണ് സർക്കാർ വർദ്ധിപ്പിച്ചത്. പശ്ചിമേഷ്യയിൽ ഇറാൻ, ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം രൂക്ഷമായതും ആഗോള എണ്ണ വിതരണ ശൃംഖലയിൽ ഉണ്ടായ തടസ്സങ്ങളുമാണ് ഈ അപ്രതീക്ഷിത നീക്കത്തിന് പിന്നിലെ പ്രധാന കാരണം.
ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ, ധനമന്ത്രി മുഹമ്മദ് ഔറംഗസീബ് എന്നിവർ നടത്തിയ അടിയന്തര വാർത്താ സമ്മേളനത്തിലാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്. മാർച്ച് 7 അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ കണക്കനുസരിച്ച് പാകിസ്ഥാനിൽ പെട്രോൾ ലിറ്ററിന് 321.17 പാക് രൂപയും ഡീസൽ 335.86 പാക് രൂപയുമായി ഉയർന്നു.
Also Read: ഖമേനിയുടെ മരണശേഷവും സജീവമായി എക്സ് അക്കൗണ്ട്; ഇസ്രയേലിന് കടുത്ത മുന്നറിയിപ്പ്
യുദ്ധസാഹചര്യം കാരണം കപ്പൽ ചരക്കുനീക്കത്തിനും ഇൻഷുറൻസിനും ഭീമമായ അധിക തുക നൽകേണ്ടി വരുന്നത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ വില വർദ്ധനവിനെ ന്യായീകരിക്കുന്നത്. സ്വകാര്യ എണ്ണക്കമ്പനികൾക്ക് ഇറക്കുമതി തുടരാൻ കഴിയാത്ത സാഹചര്യം ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് പെട്രോളിയം മന്ത്രി വിശദീകരിച്ചു.
വില വർദ്ധനവ് പ്രഖ്യാപിച്ചതോടെ ലാഹോർ, കറാച്ചി, ഇസ്ലാമാബാദ് തുടങ്ങിയ നഗരങ്ങളിലെ ഇന്ധന പമ്പുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. ആയിരക്കണക്കിന് വാഹനങ്ങൾ പമ്പുകളിലേക്ക് എത്തിയതോടെ കിലോമീറ്ററുകളോളം നീളുന്ന ക്യൂ രൂപപ്പെടുകയും പലയിടങ്ങളിലും സംഘർഷാവസ്ഥ നിലനിൽക്കുകയും ചെയ്തു. സ്റ്റോക്ക് തീരുന്നത് ഭയന്ന് പല പമ്പുകളും മുൻകൂട്ടി അടച്ചുപൂട്ടിയത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി.
The post പാകിസ്ഥാനിൽ ഇന്ധനവില കുതിച്ചുയരുന്നു: പെട്രോളിനും ഡീസലിനും ലിറ്ററിന് 55 രൂപ വർദ്ധിപ്പിച്ചു appeared first on Express Kerala.




