
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യസഭയിലേക്ക് പോകാനുള്ള തീരുമാനത്തിൽ പാർട്ടി നേതാക്കളും പ്രവർത്തകരും ഉയർത്തിയ ശക്തമായ പ്രതിഷേധം പരിഹരിക്കാൻ നേരിട്ടിറങ്ങി ജെഡിയു നേതാവ് നിതീഷ് കുമാർ. താൻ ബിഹാർ വിട്ടുപോകില്ലെന്നും സംസ്ഥാനത്തെ കാര്യങ്ങളിൽ നിരന്തരം ശ്രദ്ധ പുലർത്തുമെന്നും അദ്ദേഹം നേതാക്കൾക്ക് ഉറപ്പ് നൽകി. രാജ്യസഭയിലേക്ക് പോകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് മുതിർന്ന നേതാക്കളും എംഎൽഎമാരും ആവശ്യപ്പെട്ടെങ്കിലും, തന്റെ രാഷ്ട്രീയ ജീവിതത്തിലെ ദീർഘകാലത്തെ ആഗ്രഹമാണിതെന്നും തീരുമാനത്തിൽ മാറ്റമില്ലെന്നും നിതീഷ് കുമാർ വ്യക്തമാക്കി.
നിതീഷിനെ സജീവ രാഷ്ട്രീയത്തിൽ നിന്ന് ഒതുക്കാനായി ബിജെപി നടത്തിയ നീക്കമാണിതെന്ന് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. ഇതിനെതിരെ പട്നയിലെ ജെഡിയു ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകർ പ്രതിഷേധവും സംഘടിപ്പിച്ചു. മദ്യനിരോധനം ഉൾപ്പെടെയുള്ള കർശന നിലപാടുകൾ എടുത്ത നിതീഷ് കുമാറിനെ രാഷ്ട്രീയമായി തളർത്താൻ ബിജെപിയും പാർട്ടിക്കുള്ളിലെ ചിലരും കൈകോർത്തുവെന്നാണ് പ്രവർത്തകരുടെ പക്ഷം. എന്നാൽ, ബിഹാർ നിയമസഭയിലെ ഇരുസഭകളിലും പാർലമെന്റിന്റെ ഇരുസഭകളിലും അംഗമാകുക എന്നത് തന്റെ സ്വപ്നമാണെന്നും അത് പൂർത്തിയാക്കാനാണ് ഈ നീക്കമെന്നുമാണ് നിതീഷ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.
നിതീഷ് കുമാർ രാജ്യസഭയിലേക്ക് മാറുന്നതോടെ ബിഹാർ മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കും. ഇതിന് പകരമായി നിതീഷിന്റെ മകൻ നിഷാന്ത് കുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനാണ് ധാരണയായിരിക്കുന്നത്. നിലവിൽ പാർട്ടി അംഗമല്ലാത്ത നിഷാന്ത് കുമാർ മാർച്ച് എട്ടിന് അംഗത്വം സ്വീകരിക്കും. നിഷാന്തിന് പുറമെ രണ്ടാമതൊരു ഉപമുഖ്യമന്ത്രി കൂടി ഉണ്ടാകുമെങ്കിലും ആ സ്ഥാനം ഏത് പാർട്ടിക്കാണെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായ വ്യക്തത വന്നിട്ടില്ല.
The post “എങ്ങും പോകുന്നില്ല, കണ്ണ് ബിഹാറിലുണ്ടാകും”; നിതീഷ് കുമാർ appeared first on Express Kerala.




