ഭൂട്ടാൻ വാഹനക്കടത്ത്; ഓപ്പറേഷൻ നുംഖോറിൽ അഞ്ചുപേർ അറസ്റ്റിൽ

ഭൂട്ടാൻ വാഹനക്കടത്ത്; ഓപ്പറേഷൻ നുംഖോറിൽ അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് ആഡംബര വാഹനങ്ങൾ അനധികൃതമായി കടത്തിയ കേസിൽ വൻ വഴിത്തിരിവ്. കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി ആദ്യ അറസ്റ്റ് രേഖപ്പെടുത്തി കൊച്ചി കസ്റ്റംസ്. പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡി സ്വദേശി ബിശ്വദീപ് ദാസിനെയാണ് അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാൾ കസ്റ്റംസ് യൂണിറ്റുകളുടെ സഹായത്തോടെയായിരുന്നു അറസ്റ്റ്. വാഹനക്കടത്ത് സംഘത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് പിടിയിലായ ബിശ്വദീപ് ദാസെന്ന് കസ്റ്റംസ് അറിയിച്ചു.

ഐടി കമ്പനിയിലെ സീനിയർ എൻജിനീയറാണ് അറസ്റ്റിലായ ബിശ്വദീപ് ദാസ്. ഇയാൾക്കൊപ്പം അസം സ്വദേശികളായ ദീപക് പട്ടോവാരി, അയൂബ് അലി, മുസ്തഫ അഹമ്മദ്, ജലാൽ മണ്ഡാൽ എന്നിവരും പിടിയിലായിട്ടുണ്ട്. ഇതിൽ ദീപക് പട്ടോവാരി അസമിലെ ബോംഗൈഗാവിലെ ഡിസ്ട്രിക് ട്രാൻസ്‌പോർട്ട് ഓഫീസറാണ്. ഇയാളുടെ സഹായത്തോടെ വ്യാജരേഖകൾ ചമച്ച് ഏകദേശം 460 വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

Also Read: ജസ്‌ലിയയുടെ മരണം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും, പൊലീസ് വീഴ്ചയിൽ അന്വേഷണം

സിഎജി റിപ്പോർട്ട് പ്രകാരം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒരേ എൻജിൻ, ചേസിസ് നമ്പറുകൾ ഉപയോഗിച്ച് 15,849 അധികം വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് കടത്തുന്ന വാഹനങ്ങൾക്ക് പുറമെ, ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത ശേഷം തിരികെ കടത്തിക്കൊണ്ടുവന്ന വാഹനങ്ങളും ഇത്തരത്തിൽ വ്യാജരേഖകളുണ്ടാക്കി നിരത്തിലിറക്കുന്നുണ്ട്. കഴിഞ്ഞ വർഷം കേരളത്തിൽ നടന്ന റെയ്ഡുകളിൽ സിനിമ താരങ്ങളുടേതടക്കം 36 ആഡംബര വാഹനങ്ങൾ കൊച്ചി കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. 150 മുതൽ 200 വാഹനങ്ങൾവരെ ഭൂട്ടാനിൽനിന്ന് കടത്തിയതായാണ് കസ്റ്റംസ് കണ്ടെത്തിയത്. അതിൽ 90 ശതമാനത്തിന്റെയും രേഖകൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

The post ഭൂട്ടാൻ വാഹനക്കടത്ത്; ഓപ്പറേഷൻ നുംഖോറിൽ അഞ്ചുപേർ അറസ്റ്റിൽ appeared first on Express Kerala.

Spread the love
Scroll to Top