
പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ, മേഖലയിൽ നിന്ന് തങ്ങളുടെ 27,000 പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായി അമേരിക്ക അറിയിച്ചു. സംഘർഷം ഒരാഴ്ച പിന്നിടുമ്പോഴാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഈ കണക്കുകൾ പുറത്തുവിട്ടത്. ചാർട്ടേർഡ് വിമാനങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയാണ് അമേരിക്കൻ പൗരന്മാരെ ഒഴിപ്പിച്ചത്.
അതേസമയം, അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇതുവരെ 1332 സാധാരണക്കാർ കൊല്ലപ്പെട്ടതായും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റതായും ഇറാൻ അവകാശപ്പെട്ടു. ജനവാസ കേന്ദ്രങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവ ലക്ഷ്യം വെച്ചാണ് ശത്രുക്കൾ ആക്രമണം നടത്തുന്നതെന്ന് ഇറാൻ കുറ്റപ്പെടുത്തി. ഈ സൈനിക നീക്കത്തിൽ ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങൾ പങ്കുചേർന്നാൽ അവർക്കെതിരെയും ആക്രമണം ഉണ്ടാകുമെന്ന കടുത്ത മുന്നറിയിപ്പും ഇറാൻ നൽകിയിട്ടുണ്ട്.
Also Read:ഇസ്രയേലിന് 15.1 കോടി ഡോളറിന്റെ ആയുധങ്ങൾ കൂടി; അടിയന്തര അനുമതി നൽകി അമേരിക്ക
ഇറാൻ നിരുപാധികമായി കീഴടങ്ങാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന കർശന നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ വ്യോമമേഖലയിൽ ഇതിനോടകം നിയന്ത്രണം നേടാനായെന്നും സൈനിക നീക്കം ആറ് ആഴ്ച വരെ നീണ്ടുനിന്നേക്കാമെന്നും വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി. ഇറാൻ ഭരണകൂടത്തിന് രാജ്യത്തിനകത്തുള്ള നിയന്ത്രണം നഷ്ടപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സുരക്ഷാ കേന്ദ്രങ്ങൾക്കും പോലീസ് സ്റ്റേഷനുകൾക്കും നേരെ കനത്ത ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്.
The post പൗരന്മാരുടെ സുരക്ഷയുറപ്പാക്കി അമേരിക്ക! പശ്ചിമേഷ്യയിൽ നിന്ന് 27,000 അമേരിക്കക്കാരെ ഒഴിപ്പിച്ചു appeared first on Express Kerala.




