
ഡിജിറ്റൽ യുഗത്തിൽ വ്യക്തിവിവരങ്ങളും സംഭാഷണങ്ങളും ചോർത്തപ്പെടുമെന്ന ആശങ്കയ്ക്ക് പരിഹാരവുമായി സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഡെവലൻസ് എന്ന സ്റ്റാർട്ടപ്പ് രംഗത്തെത്തി. ‘സ്പെക്‌ടർ I’ എന്ന് പേരിട്ടിരിക്കുന്ന ഈ പോർട്ടബിൾ ഉപകരണം, സമീപത്തുള്ള മൈക്രോഫോണുകൾ കണ്ടെത്തുകയും അവ വഴി ഓഡിയോ റെക്കോർഡ് ചെയ്യുന്നത് തടയുകയും ചെയ്യും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ സ്മാർട്ട് ഓഡിയോ ജാമിംഗ് ഉപകരണമാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.
രണ്ട് മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കാൻ ശേഷിയുള്ള ഈ ഉപകരണം മനുഷ്യർക്ക് കേൾക്കാൻ സാധിക്കാത്ത തരം സിഗ്നലുകൾ പുറപ്പെടുവിച്ചാണ് റെക്കോർഡിംഗ് തടസ്സപ്പെടുത്തുന്നത്. ഇത്തരത്തിൽ പുറപ്പെടുവിക്കുന്ന ഒംനിഡയറക്ഷണൽ സിഗ്നലുകൾ മൈക്രോഫോണുകൾ ഒപ്പിയെടുക്കുന്ന ശബ്ദത്തെ അവ്യക്തമാക്കുന്നു. കൂടാതെ, എഐയും സിഗ്നൽ പ്രോസസിംഗും ഉപയോഗിച്ച് പരിസരത്തുള്ള മൈക്രോഫോണുകൾ കൃത്യമായി തിരിച്ചറിയാനും ഈ ടൂളിന് സാധിക്കും. കോർപ്പറേറ്റ് ചാരവൃത്തിയിൽ നിന്നും അനധികൃത നിരീക്ഷണങ്ങളിൽ നിന്നും സ്വകാര്യത സംരക്ഷിക്കാൻ ഇത് സഹായിക്കുമെന്നാണ് ഡെവലൻസ് സിഇഒ ഐഡ ബരാദാരി വ്യക്തമാക്കുന്നത്.
Also Read: കരുത്തുറ്റ ഫീച്ചറുകളുമായി റിയൽമി C83 5G ഇന്ത്യയിലെത്തി
നിലവിൽ ഏകദേശം 1.14 ലക്ഷം രൂപ (1,199 ഡോളർ) വില നിശ്ചയിച്ചിട്ടുള്ള ഈ ഉപകരണം പ്രീ-ഓർഡർ ചെയ്യാൻ ലഭ്യമാണ്. 2026-ന്റെ രണ്ടാം പകുതിയോടെ വിപണിയിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പരസ്യങ്ങൾക്കായി ഉപയോക്താക്കളെ രഹസ്യമായി നിരീക്ഷിക്കുന്ന കമ്പനികളെ തടയാനും ഈ ടൂൾ ഉപകരിക്കും. എങ്കിലും, എയർപ്ലെയിൻ മോഡിലുള്ള ഫോണുകളിലും വയർഡ് മൈക്രോഫോണുകളിലും ഇത് എത്രത്തോളം ഫലപ്രദമാണെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.
The post സ്വകാര്യതയ്ക്ക് എഐ കാവൽ! മൈക്രോഫോണുകൾ കണ്ടെത്തി റെക്കോർഡിംഗ് തടയാൻ ‘സ്പെക്‌ടർ I’ എത്തുന്നു appeared first on Express Kerala.




