
റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാടിനെ പരിഹസിച്ച് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ, ഫോക്സ് ബിസിനസിന്റെ ‘കുഡ്‌ലോ’ പ്രോഗ്രാമിൽ സംസാരിക്കുമ്പോഴാണ് ഇന്ത്യയെ “മികച്ച അഭിനേതാക്കൾ” എന്ന് ബെസെന്റ് വിശേഷിപ്പിച്ചത്. അമേരിക്ക പറയുന്നതിനനുസരിച്ച് നിലപാടുകൾ മാറ്റുന്ന ഇന്ത്യയുടെ രീതിയെയാണ് അദ്ദേഹം ലക്ഷ്യം വെച്ചത്.
റഷ്യൻ എണ്ണ വാങ്ങരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടപ്പോൾ ഇന്ത്യ അത് അനുസരിച്ചുവെന്നും, ഇപ്പോൾ കടലിൽ കുടുങ്ങിയ കപ്പലുകളിൽ നിന്ന് എണ്ണ സ്വീകരിക്കാൻ അനുമതി നൽകിയപ്പോൾ അതും ഇന്ത്യ കൃത്യമായി പാലിച്ചുവെന്നുമാണ് ബെസെന്റിന്റെ പരിഹാസം. ഔദ്യോഗികമായി ഇളവുകൾ നൽകുന്നതിന് മുൻപ് തന്നെ അമേരിക്കയുടെ അഭ്യർത്ഥനകൾക്ക് വഴങ്ങിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള വിതരണ ശൃംഖലയിലുണ്ടാകുന്ന പെട്ടെന്നുള്ള തടസ്സങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് റഷ്യൻ അസംസ്‌കൃത എണ്ണ സ്വീകരിക്കാൻ അമേരിക്ക ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.
Also Read:‘കീഴടങ്ങൽ ശ്മശാനത്തിൽ മതി’! ഇസ്രയേലിന് മുന്നറിയിപ്പും അയൽരാജ്യങ്ങൾക്ക് ക്ഷമാപണവുമായി ഇറാൻ പ്രസിഡന്റ്
ഇന്ത്യയ്ക്ക് നിലവിൽ നൽകിയിരിക്കുന്ന ഈ അനുമതി താൽക്കാലികം മാത്രമാണെന്ന് ബെസെന്റ് വ്യക്തമാക്കി. കടലിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിലെ എണ്ണ ഇറക്കുമതി ചെയ്യാൻ മാത്രമാണ് നിലവിലെ അനുമതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായുള്ള സംഘർഷങ്ങൾ ആഗോള എണ്ണവില വർദ്ധിപ്പിക്കുകയും വിതരണത്തിൽ ആശങ്കയുണ്ടാക്കുകയും ചെയ്യുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് യുഎസിന്റെ ഈ വിട്ടുവീഴ്ച. റഷ്യൻ എണ്ണയ്ക്ക് പകരമായി അമേരിക്കൻ എണ്ണ ഉപയോഗിക്കാൻ ഇന്ത്യ നേരത്തെ പദ്ധതിയിട്ടിരുന്ന കാര്യവും ട്രഷറി സെക്രട്ടറി ഓർമ്മിപ്പിച്ചു.
The post ഇന്ത്യ ‘മികച്ച അഭിനേതാക്കൾ’; റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഇന്ത്യയെ പരിഹസിച്ച് അമേരിക്കൻ ട്രഷറി സെക്രട്ടറി appeared first on Express Kerala.




