
കൊച്ചി: വയനാട് ടൗൺഷിപ്പ് സന്ദർശനവുമായി ബന്ധപ്പെട്ട് നടൻ മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങളെ തള്ളിക്കൊണ്ട് വ്യവസായ മന്ത്രി പി രാജീവ് രംഗത്ത്. തിരക്കുകൾക്കിടയിലും വയനാട്ടിലെ പദ്ധതി പ്രദേശം നേരിട്ട് സന്ദർശിക്കാൻ മമ്മൂട്ടി കാണിച്ച മനസ്സ് ലോകത്തിന് മുന്നിൽ വലിയൊരു മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
മമ്മൂട്ടിയെപ്പോലൊരു വലിയ താരം അവിടെ എത്തിയതോടെ വയനാട് ടൗൺഷിപ്പ് പദ്ധതിക്ക് ആഗോളതലത്തിൽ ശ്രദ്ധ ലഭിച്ചു. ഇതിൽ കേരളം അദ്ദേഹത്തോട് നന്ദി രേഖപ്പെടുത്തുകയാണ്. ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറയുന്നതിൽ കാര്യമില്ല, അതൊന്നും വലിയ കാര്യമായി എടുക്കേണ്ടതില്ല എന്നായിരുന്നു പി രാജീവിന്റെ പ്രതികരണം. മമ്മൂട്ടി പെരുമ്പളം പാലത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ മനോഹരമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ തന്നെ അനുഗമിച്ച സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ. റഫീക്കിനോട് മമ്മൂട്ടി നടത്തിയ ചില പരാമർശങ്ങളാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിന്നാൽ മതി, എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. ഇതിന് പിന്നാലെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് മമ്മൂട്ടിക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
The post മമ്മൂട്ടിയുടേത് മഹത്തായ മാതൃക; സൈബർ ആക്രമണങ്ങളെ തള്ളി മന്ത്രി പി രാജീവ് appeared first on Express Kerala.



