
മരണത്തിനും ജീവിതത്തിനുമിടയിലെ ഒൻപത് ദിനങ്ങൾ! ഗ്രീസിലെ ഹാലികി ഗ്രാമത്തിലെ ഒരു കൊച്ചു നായക്കുട്ടി ലോകമെങ്ങുമുള്ള മൃഗസ്‌നേഹികളുടെ ഹൃദയം കീഴടക്കുകയാണ്. ഗ്രീക്ക് ഭാഷയിൽ ‘വെളുത്തവൻ’ എന്നർത്ഥമുള്ള ‘ആസ്പ്രൂലിസ്’ എന്ന ഒമ്പത് മാസം പ്രായമുള്ള നായക്കുട്ടിയാണ്, സമുദ്രനിരപ്പിൽ നിന്ന് 1,900 മീറ്റർ ഉയരത്തിൽ കഠിനമായ തണുപ്പിനോടും വിശപ്പിനോടും പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഗ്രാമത്തിലെ കഫേ ഉടമയായ ക്രിസ്റ്റോസ് സക്കറിസിന്റെ ഓമനയായ ഈ നായക്കുട്ടി, അവിടെയെത്തിയ ഒരു സ്കീ പർവതാരോഹക സംഘത്തെ പിന്തുടർന്ന് പോയതോടെയാണ് ദുരന്തത്തിന് തുടക്കമായത്.
പർവതാരോഹകർക്കൊപ്പം കുതിച്ചു പാഞ്ഞ ആസ്പ്രൂലിസ് കൊടുമുടിയുടെ അരികിലെത്തിയെങ്കിലും, ദുർഘടമായ ഭൂപ്രകൃതിയും ചെങ്കുത്തായ പാറക്കെട്ടുകളും കാരണം ഒറ്റപ്പെട്ടുപോയി. ഭയം കാരണം തിരികെ വരാൻ കഴിയാതെ 1,900 മീറ്റർ ഉയരത്തിലുള്ള തണുത്തുറഞ്ഞ മഞ്ഞിൽ ആ നായക്കുട്ടി കുടുങ്ങി. ഭക്ഷണം പോലുമില്ലാതെ ഒരു ആഴ്ചയിലേറെ നീണ്ട ആ ദിവസങ്ങളിൽ, കൊടും തണുപ്പിനെ അതിജീവിച്ച് അവൻ എവിടെയോ ഒളിച്ചിരുന്നു. ഉടമയും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും മഞ്ഞിൽ ലയിച്ചുനിന്ന ആ ‘വെളുത്ത മുത്തിനെ’ കണ്ടെത്താൻ ആർക്കും സാധിച്ചില്ല.
Also Read: കുഞ്ഞിക്കണ്ണിലെ കരിമ്പൊട്ടും കുസൃതിക്കണ്ണേറും; സംസ്കാരവും വിശ്വാസവും ശാസ്ത്രവും
എന്നാൽ മാർച്ച് 5-ന് ആ അത്ഭുതം സംഭവിച്ചു. സൗകരേല കൊടുമുടി ലക്ഷ്യമാക്കി നീങ്ങിയ മറ്റൊരു പർവതാരോഹക സംഘം മരവിപ്പിക്കുന്ന നിശബ്ദതയ്ക്കിടയിൽ ഒരു നായയുടെ നേർത്ത കരച്ചിൽ കേട്ടു. “വെളുത്ത നിറമായതിനാൽ മഞ്ഞിൽ അവനെ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല, പക്ഷേ ആ ചെറിയ നായ ഞങ്ങളെ കണ്ടിരുന്നു, അവൻ സഹായത്തിനായി ഉറക്കെ കരയുകയായിരുന്നു,” എന്ന് രക്ഷാസംഘത്തിലുണ്ടായിരുന്ന മറീന കൊറാക്കി ഓർത്തെടുത്തു. സംഘം രണ്ടായി പിരിഞ്ഞ് നടത്തിയ നീക്കത്തിനൊടുവിൽ, തളർന്നു വശായ ആസ്പ്രൂലിസിനെ അവർ കണ്ടെത്തി.
ഒൻപത് ദിവസത്തെ പട്ടിണി ആസ്പ്രൂലിസിനെ വല്ലാതെ തളർത്തിയിരുന്നു. അവന്റെ കഴുത്തിലെ ബെൽറ്റ് പോലും ലൂസായി തൂങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. പർവതാരോഹകർ നൽകിയ ഭക്ഷണവും സ്നേഹവും സ്വീകരിച്ച് മൂന്നര മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ അവൻ സുരക്ഷിതനായി ഉടമയുടെ അരികിലെത്തി. തന്നെ രക്ഷിച്ച ഓരോരുത്തരോടും നന്ദി പ്രകടിപ്പിക്കും വിധം അവർക്ക് അരികിലെത്തി കരഞ്ഞ ആസ്പ്രൂലിസ്, ഇപ്പോൾ തന്റെ വീടിന്റെ ഉമ്മറത്ത് ശാന്തമായി വിശ്രമിക്കുന്നു. പ്രകൃതിയുടെ പ്രതികൂല സാഹചര്യങ്ങളെ സ്നേഹം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും തോൽപ്പിച്ച ഒരു ചെറിയ നായയുടെ വലിയ കഥയായി ഇത് മാറി.
The post 1,900 മീറ്റർ ഉയരത്തിൽ തണുപ്പിനോട് പൊരുതി നായക്കുട്ടി; ലോകത്തെ ഞെട്ടിച്ച് ഒരു അതിജീവന കഥ appeared first on Express Kerala.



