
റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് അമേരിക്ക സ്വീകരിക്കുന്ന നിലപാടുകളിൽ കടുത്ത കാപട്യമുണ്ടെന്ന് ഇറാൻ ആരോപിച്ചു. റഷ്യക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്താൻ ലോകരാജ്യങ്ങളെ പ്രേരിപ്പിക്കുമ്പോഴും സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ അമേരിക്ക ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യം കണക്കിലെടുത്ത് റഷ്യൻ എണ്ണ ചരക്കുകൾക്ക് അമേരിക്ക 30 ദിവസത്തെ ഇളവ് പ്രഖ്യാപിച്ചതാണ് ഇറാന്റെ വിമർശനത്തിന് ആധാരം.
അമേരിക്കയുടെ രാഷ്ട്രീയ പിന്തുണ ലഭിക്കുന്നതിനായി യൂറോപ്യൻ രാജ്യങ്ങൾ ഇറാന്റെ പരമാധികാരത്തിന് മേൽ കടന്നുകയറുന്നതായും ഇറാൻ കുറ്റപ്പെടുത്തി. ഇറാനെതിരെ അമേരിക്ക നടത്തുന്ന ‘നിയമവിരുദ്ധ യുദ്ധ’ത്തിന് യൂറോപ്പ് നൽകുന്ന പിന്തുണ ആഗോള സമാധാനത്തിന് വിരുദ്ധമാണെന്ന് ഇറാൻ ചൂണ്ടിക്കാട്ടി. റഷ്യൻ എണ്ണയുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തയ്യാറാകുന്ന അമേരിക്ക, ഇറാന്റെ കാര്യത്തിൽ മാത്രം കടുത്ത നിലപാടുകൾ തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി.
Also Read:ഇറാൻ സൈന്യം ആയുധം വെച്ച് കീഴടങ്ങണം: ട്രംപ്
നിലവിൽ ആഗോള എണ്ണവിപണിയിലുണ്ടായ കടുത്ത വിലവർദ്ധനവ് പിടിച്ചുനിർത്താനാണ് റഷ്യൻ എണ്ണയ്ക്ക് ഇളവ് നൽകാൻ അമേരിക്കൻ തീരുമാനിച്ചത്. എന്നാൽ തങ്ങളുടെ സാമ്പത്തിക താല്പര്യങ്ങൾക്കനുസരിച്ച് മാത്രം നയങ്ങളിൽ മാറ്റം വരുത്തുന്നത് അമേരിക്കയുടെ സ്വാർത്ഥതയാണ് വെളിപ്പെടുത്തുന്നതെന്ന് ഇറാൻ ആവർത്തിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്ന അമേരിക്കൻ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഇറാൻ ഈ പ്രസ്താവനയിലൂടെ രേഖപ്പെടുത്തിയിരിക്കുന്നത്.
The post റഷ്യൻ എണ്ണയ്ക്ക് ഇളവ്, ഇറാന് ഉപരോധം; അമേരിക്കയുടെ ‘ഇരട്ടത്താപ്പ്’ തുറന്നുകാട്ടി ഇറാൻ appeared first on Express Kerala.




