പാചകവാതക പ്രതിസന്ധി! വാർ റൂം തുറന്ന് കേരളം; വിതരണത്തിന് കടുത്ത നിയന്ത്രണം

പാചകവാതക പ്രതിസന്ധി! വാർ റൂം തുറന്ന് കേരളം; വിതരണത്തിന് കടുത്ത നിയന്ത്രണം

ദ്ധ്യപൂർവ്വേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് രാജ്യത്ത് പാചകവാതക വിതരണത്തിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ, കേരളത്തിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധി നേരിടാൻ സിവിൽ സപ്ലൈസ് വകുപ്പ് വാർ റൂം തുറന്നു. ഗാർഹിക-വാണിജ്യ മേഖലകളിലെ എൽപിജി ചരക്കുനീക്കം തടസ്സപ്പെടാതിരിക്കാനും ലഭ്യത ഉറപ്പുവരുത്താനുമാണ് സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റിൽ ഈ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി.ആർ. അനിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് കത്തയച്ചു.

ആശുപത്രികൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, സുഭിക്ഷ ഹോട്ടലുകൾ തുടങ്ങിയ അത്യാവശ്യ മേഖലകൾക്ക് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ മുൻഗണന നൽകാൻ തീരുമാനമായിട്ടുണ്ട്. ഇതിനായി മുൻഗണനാ പട്ടിക തയ്യാറാക്കി ഓയിൽ കമ്പനികൾക്ക് കൈമാറും. ഓയിൽ കമ്പനികൾ ഓരോ ദിവസത്തെയും സ്റ്റോക്ക് വിവരങ്ങളും വിതരണ കണക്കുകളും കൃത്യമായി ജില്ലാ ഭരണകൂടത്തിനും പൊതുവിതരണ വകുപ്പിനും ലഭ്യമാക്കണം. ഇതിനായി ഐടി മിഷന്റെ സഹായത്തോടെ പ്രത്യേക ഡാഷ്ബോർഡ് സംവിധാനവും ഒരുക്കുന്നുണ്ട്.

Also Read:യുവതിപ്രവേശനത്തിൽ നേരിട്ടുള്ള നിലപാടില്ലാതെ സർക്കാർ; സത്യവാങ്മൂലം സമർപ്പിച്ചു

വാണിജ്യ സ്ഥാപനങ്ങളിൽ കണക്ഷന് പുറമെ പരമാവധി അഞ്ച് സിലിണ്ടറുകൾ മാത്രമേ അധികമായി സംഭരിക്കാൻ പാടുള്ളൂവെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഗാർഹിക സിലിണ്ടറുകൾ അനധികൃതമായി ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്നത് തടയാൻ വ്യാപകമായ പരിശോധനകളാണ് നടക്കുന്നത്. ഇതിനകം നിരവധി ഏജൻസികളിലും ഹോട്ടലുകളിലും പരിശോധന നടത്തി സിലിണ്ടറുകൾ പിടിച്ചെടുത്തു കഴിഞ്ഞു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനായി അവധി ദിവസങ്ങളിൽ പോലും സ്ക്വാഡുകൾ പ്രത്യേക പരിശോധനകൾ തുടരുമെന്നും സർക്കാർ അറിയിച്ചു.

The post പാചകവാതക പ്രതിസന്ധി! വാർ റൂം തുറന്ന് കേരളം; വിതരണത്തിന് കടുത്ത നിയന്ത്രണം appeared first on Express Kerala.

Spread the love
Scroll to Top