
ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്കയും ആധുനിക ടെക്നോളജിയിലൂടെ ആയുധമേഖലയിൽ കരുത്താർജിച്ച ഇസ്രയേലും വളഞ്ഞ് നിന്ന് ആക്രമിച്ചിട്ടും, തല ഉയർത്തി ചങ്കുറപ്പോടെ തെരുവിൽ ഇറങ്ങി നടക്കുന്ന ഇറാൻ ഭരണകൂടം ലോക ജനതയ്ക്ക് മുന്നിൽ വിസ്മയമാകുന്ന കാഴ്ചയാണ് ഇപ്പോൾ ദൃശ്യമാകുന്നത്.
ഇസ്രയേലിൻ്റെയും അമേരിക്കയുടെയും ബോംബറുകൾ ആകാശത്ത് വട്ടമിട്ട് പറക്കുമ്പോൾ തന്നെയാണ് റമദാനിലെ അവസാന വെള്ളിയാഴ്ചയിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനും, വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയും, ദേശീയ സുരക്ഷാസമിതി മേധാവി അലി ലാരിജാനിയും അടക്കമുള്ള ഇറാൻ ഭരണകൂടം രാജ്യ തലസ്ഥാനമായ ടെഹ്റാനിൽ ജനങ്ങൾക്കിടയിലൂടെ നടന്ന് നീങ്ങിയിരിക്കുന്നത്. ഹോളിവുഡ് സിനിമകളെ പോലും വെല്ലുന്ന തരത്തിലുള്ള കാഴ്ചയാണിത്.
ഇറാന്റെ നേതൃത്വം ഭൂഗർഭ അറകളിൽ ഭീതിയോടെ ഒളിച്ചിരിക്കുകയാണെന്ന അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ അവകാശ വാദങ്ങളെ പരിഹസിച്ചാണ്, സൈനികരുടെ പിന്തുണയില്ലാതെ തന്നെ ആളുകളോട് സംസാരിച്ച് കൊണ്ട് ഇറാന്റെ നേതാക്കൾ ടെഹ്റാൻ്റെ തെരുവുകളിലൂടെ നിർഭയം സഞ്ചരിച്ചിരിക്കുന്നത്. ‘കാലനെ’ പോലും അത്ഭുതപ്പെടുത്തിയ കാഴ്ച ആയാണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും ഈ ദൃശ്യത്തെ വിലയിരുത്തുന്നത്. ഇറാൻ നേതൃത്വവും അവിടുത്തെ ജനങ്ങളും മരണത്തെ ഭയപ്പെടാത്തവരാണ് എന്നതിന് ഇതിൽ കൂടുതൽ മറ്റ് എന്ത് തെളിവ് വേണമെന്നാണ് അമേരിക്കയിലെ മുൻ സൈനിക ഉന്നതർ വരെ ചോദിക്കുന്നത്.
“തങ്ങളുടെ നേതാക്കൾ ജനങ്ങൾക്ക് ഇടയിൽ തന്നെയുണ്ടെന്നും നിങ്ങളുടെ നേതാക്കൾ എപ്സ്റ്റീൻ ദ്വീപിൽ ഒളിച്ചിരിക്കുകയാണോയെന്ന പരിഹാസത്തോട് കൂടി ഇറാൻ ദേശീയ സുരക്ഷാസമിതി മേധാവി അലി ലാരിജാനിയാണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ലോകമാകെ ഈ ദൃശ്യങ്ങൾ വൈറലാകുന്ന കാഴ്ചയാണ് സൈബർ ലോകത്ത് നിന്നും കാണാൻ കഴിയുന്നത്.
ആളുകളോട് സംസാരിച്ചും ജനങ്ങൾക്കൊപ്പം ചിത്രങ്ങളെടുത്തും അഭിവാദ്യം ചെയ്തും, മുന്നോട്ട് പോകുന്ന ഇറാൻ നേതാക്കളുടെ ദൃശ്യമാണ് ലാരിജാനി പുറത്തുവിട്ട വീഡിയോയിലുള്ളത്. റാലിയിൽ പങ്കെടുത്തവർ അമേരിക്കയ്ക്കും ഇസ്രയേലുമെതിരെ മുദ്രാവാക്യങ്ങള് വിളിച്ചും, പലസ്തീന് പിന്തുണ പ്രഖ്യാപിച്ചുമാണ് നീങ്ങിയത്. ഈ മുദ്രാവാക്യങ്ങൾ പെസഷ്കിയനും സംഘവും ആവേശ പൂർവ്വമാണ് ഏറ്റു വിളിച്ചിരിക്കുന്നത്.
ഇറാൻ തകർന്ന് തരിപ്പണമായെന്നും, കനത്ത ആക്രമണമാണ് നടത്തുന്നതെന്നുമുള്ള അമേരിക്കയുടെ വാദങ്ങൾക്കിടെയാണ്, പതിനായിരങ്ങൾ പങ്കെടുത്ത റാലി അതേ മണ്ണിൽ ഇറാൻ നടത്തിയിരിക്കുന്നത്. റാലിയിൽ പങ്കെടുത്ത, ഇറാന്റെ ജുഡീഷ്യറി തലവനായ ഘോലം ഹുസൈന് മൊഹ്സാനി ഇജെയ്യും മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. നിലവില് ഇറാന്റെ ഭരണച്ചുമതലയില് നിര്ണായക പങ്ക് വഹിക്കുന്ന മൂന്ന് പേരില് ഒരാള് കൂടിയാണ് മൊഹ്സാനി. ഈ റാലിയിൽ പങ്കെടുത്ത മുഴുവൻ ഇറാൻ നേതാക്കളും അമേരിക്കയുടെയും ഇസ്രയേലിൻ്റെയും മരണ വാറണ്ടിന് പുല്ലുവിലയാണ് കൽപ്പിച്ചത് എന്നതും ഇതിലൂടെ വ്യക്തമാക്കപ്പെട്ടു കഴിഞ്ഞു.
ഇതോടെ ലോക രാജ്യങ്ങൾക്ക് മുന്നിൽ നാണംകെട്ട അമേരിക്ക, ഇറാന്റെ പരമോന്നത നേതാവിനെയും മുതിർന്ന ഉദ്യോഗസ്ഥരെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് വൻ പ്രതിഫലം പ്രഖ്യാപിച്ചാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ഇതും പരിഹാസ്യമായി മാറിയിട്ടുണ്ട്.
ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയി ഉൾപ്പെടെയുള്ള മുതിർന്ന ഇറാൻ്റെ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് അമേരിക്ക 10 ദശലക്ഷം ഡോളറാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, ഒരു കാര്യം എന്തായാലും വ്യക്തമാണ്. ആയത്തുള്ള അലി ഖമേനിയുടെ വധത്തിനു ശേഷം, ഇറാനിലെ സി.ഐ.എയുടെയും മൊസാദിൻ്റെയും നെറ്റ് വർക്ക് ഇറാൻ സേന തകർത്തു എന്നു തന്നെ ഈ ഘട്ടത്തിൽ കരുതേണ്ടതായി വരും.
അമേരിക്കയുടെയും ഇസ്രയേലിൻ്റെയും സകല കണക്ക് കൂട്ടലുകളും തെറ്റിക്കുന്ന പ്രത്യാക്രമണമാണ് ഇറാൻ സേന ഇരു രാജ്യങ്ങൾക്കും എതിരെ നടത്തി കൊണ്ടിരിക്കുന്നത്. നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നു കഴിഞ്ഞു. ഇറാഖിലും സൗദിയിലും നടന്ന വ്യത്യസ്ത ആക്രമണങ്ങളിലായി ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കുന്ന ആറ് ആധുനിക വിമാനങ്ങളാണ് തകർക്കപ്പെട്ടിരിക്കുന്നത്. ഇതിന് മാത്രം ഏകദേശം 8400 കോടി രൂപ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അമേരിക്കയുടെ പ്രതിരോധ സംവിധാനമായ താഡും ഇറാൻ തവിട് പൊടിയാക്കിയിട്ടുണ്ട്. ഹോർമിസ് കടലിടുക്ക് അടച്ചിട്ട ഇറാൻ ലോക വ്യാപാരത്തെ തന്നെയാണ് ഇപ്പോൾ സ്തംഭിപ്പിച്ചിരിക്കുന്നത്. ഈ കടൽപാത വഴി റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് പ്രവേശനാനുമതി നൽകിയിരിക്കുന്നത്. ഈ രാജ്യങ്ങളുടെ അല്ലാത്ത ഏത് കപ്പലുകളും ആക്രമിക്കുമെന്നാണ് ഇറാൻ സേന നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
‘ഓപ്പറേഷൻ സാദിഖ് 4’ അഥവാ ‘ട്രൂ പ്രോമിസ് 4’ എന്ന് ഇറാൻ വിളിക്കുന്ന സൈനിക നീക്കം കൃത്യമായി ലക്ഷ്യമിടുന്നത് ഇസ്രയേലിന്റെയും മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളുടെയും നെഞ്ചിലേക്കാണ്. തങ്ങളുടെ മണ്ണിൽ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങൾക്ക് പലിശ സഹിതം തിരിച്ചടി നൽകുമെന്ന ഇറാന്റെ പ്രഖ്യാപനം വെറും വാക്കല്ലെന്ന് ഇതിനകം തന്നെ അവർ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.
ഇറാന്റെ സൈനിക കമാൻഡ് പുറത്തുവിട്ട പ്രസ്താവനകളിൽ പറയുന്നതനുസരിച്ച്, ഏറ്റവും പുതിയ ആക്രമണ തരംഗത്തിന് “യാ ഖമർ ബനി ഹാഷെം” എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇസ്ലാമിക ചരിത്രത്തിൽ ആദരിക്കപ്പെടുന്ന ഒരു മതപരമായ വ്യക്തിത്വത്തെ സൂചിപ്പിക്കുന്ന ഈ പേര്, രാജ്യത്തിനായി ജീവൻ നല്കിയതായി ഇറാൻ പറയുന്ന ചില രക്തസാക്ഷികൾക്കുള്ള ആദരസൂചകമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ഷിരാസി, ഇബ്രാഹിംസാദെ തുടങ്ങിയവരെ സ്മരിച്ചുകൊണ്ടാണ് ഈ ആക്രമണത്തിന് പേര് നൽകിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇറാൻ സൈന്യത്തിന്റെ വാക്കുകൾ പ്രകാരം, ബാലിസ്റ്റിക് മിസൈലുകളും ആക്രമണ ഡ്രോണുകളും ഉൾപ്പെടുത്തി വളരെ ഏകോപിതമായ രീതിയിലാണ് ആക്രമണം നടത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ അമേരിക്കൻ, ഇസ്രയേൽ ലക്ഷ്യങ്ങളിൽ പതിക്കുന്ന ഇറാനിയൻ മിസൈലുകളുടെ കൃത്യത ഇരട്ടിയായിട്ടുണ്ട് എന്നാണ്, ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സ് എയ്റോസ്പേസ് ഫോഴ്സിന്റെ കമാൻഡർ പറയുന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ, അമേരിക്കൻ, ഇസ്രയേലി കുറ്റവാളികളുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളിൽ പതിക്കുന്ന ഇറാനിയൻ മിസൈലുകളുടെ കൃത്യത നിരക്ക് ഇരട്ടിയായിട്ടുണ്ട് എന്ന്, ബ്രിഗേഡിയർ ജനറൽ സെയ്ദ് മജിദ് മൗസവി തന്റെ എക്സ് അക്കൗണ്ടിലെ ഒരു പോസ്റ്റിലും കുറിച്ചിട്ടുണ്ട്.
“വലിയ ഇറാനിയൻ മിസൈലുകൾ”ക്കായി ആകാശം തുറന്നിരിക്കുന്നുവെന്നാണ് കമാൻഡർ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വടക്കൻ ഇസ്രയേലിലെ നിരവധി തന്ത്രപ്രധാന പ്രദേശങ്ങളാണ് ഈ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യങ്ങളായി തെരഞ്ഞെടുത്തതെന്ന് ഇറാൻ വൃത്തങ്ങൾ അവകാശപ്പെടുന്നു. ഗലീലി, ഗോലാൻ ഹൈറ്റ്സ്, ഹൈഫ തുടങ്ങിയ മേഖലകളിൽ സൈനിക സൗകര്യങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഇറാൻ മിസൈലുകൾ വിക്ഷേപിച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഇതോടൊപ്പം തന്നെ മിഡിൽ ഈസ്റ്റിലുടനീളമുള്ള അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും വ്യാപകമായാണ് നടക്കുന്നത്. ഖര ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഖൈബർ-ഷേക്കർ മിസൈലുകളും ദ്രാവക ഇന്ധന ഖാദർ ബാലിസ്റ്റിക് മിസൈലുകളും ആയുധീകരിച്ച ഡ്രോണുകളും ഉപയോഗിച്ചാണ് അമേരിക്കൻ താവളങ്ങളിലേക്ക് ആക്രമണം നടത്തിയിരിക്കുന്നത്.
ഈ ആക്രമണത്തോടൊപ്പം തന്നെ ലെബനനിലെ ഹിസ്ബുള്ള യും ഇറാഖിലെ സായുധ വിഭാഗവും, വടക്കൻ ഇസ്രയേലിലേക്ക് റോക്കറ്റുകളും ഡ്രോണുകളും വിക്ഷേപിച്ചിട്ടുണ്ട്. ഇറാന്റെ സഖ്യകക്ഷികളായി കണക്കാക്കപ്പെടുന്ന ഈ സംഘടന വിവിധ മുന്നേറ്റങ്ങളിൽ നിന്ന് ഒരേസമയം ആക്രമണം നടത്തുന്നത് സംഘർഷത്തിന്റെ വ്യാപ്തി കൂടുതൽ വർധിപ്പിക്കുന്ന ഘടകമായി മാറിയിരിക്കുകയാണ്. ഇതോടെ പശ്ചിമേഷ്യയിലെ യുദ്ധം ഇനി ഒരു രാജ്യത്തിനും മറ്റൊരു രാജ്യത്തിനുമിടയിലെ ഏറ്റുമുട്ടൽ മാത്രമല്ല, പല സൈനിക ശക്തികളും പങ്കാളികളാകുന്ന ഒരു വിപുലമായ സംഘർഷമായി മാറുന്നുവെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഇറാൻ്റെ എറ്റപാടങ്ങൾ സ്ഥിതി ചെയ്യുന്ന ഖാർഖ് ദ്വീപിൽ അമേരിക്ക ബോംബിട്ടതോടെ സ്ഥിതി കൂടുതൽ വഷളായിട്ടുണ്ട്. എണ്ണപാടങ്ങളെയല്ല, അവിടുത്തെ സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിച്ചത് എന്നാണ് അമേരിക്ക വിശദീകരിക്കുന്നത് എങ്കിലും, ഇറാൻ ശക്തമായ പ്രതികാരത്തിനാണ് തയ്യാറെടുക്കുന്നത്. തങ്ങളുടെ എണ്ണ പാടങ്ങൾ കത്തിച്ചാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ പങ്കാളിത്വമുള്ള സകല എണ്ണപാടങ്ങളും കത്തിച്ച് ചാമ്പലാക്കുമെന്നാണ് ഇറാൻ സൈന്യം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഇത് മേഖലയിലെ അമേരിക്കൻ സഖ്യകക്ഷികളെയും ഭയപ്പെടുത്തുന്ന മുന്നറിയിപ്പ് തന്നെയാണ്.
ഇറാൻ ഇതിനകം തന്നെ, പേർഷ്യൻ ഗൾഫ് മേഖലയിലെ ചില സാമ്പത്തിക കേന്ദ്രങ്ങൾക്കു നേരെയും ആക്രമണം നടത്തിയിട്ടുണ്ട്. ആഗോള സാമ്പത്തിക വ്യവസ്ഥയിലെയും അമേരിക്കൻ ഡോളർ ശൃംഖലയിലെയും ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായി കണക്കാക്കപ്പെടുന്ന അമേരിക്കൻ ബാങ്കായ സിറ്റിഗ്രൂപ്പുമായി ബന്ധപ്പെട്ട നിരവധി ഓഫീസുകളാണ് ആക്രമിക്കപ്പെട്ടിരിക്കുന്നത്.
ഫെബ്രുവരി അവസാനം മുതൽ യുദ്ധം ശക്തമായതിനു ശേഷം ഇറാൻ ഇതിനകം തന്നെ ആയിരക്കണക്കിന് മിസൈലുകളും ഡ്രോണുകളും ശത്രു താവളങ്ങൾക്ക് നേരെ വിക്ഷേപിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ സൈനിക ലക്ഷ്യങ്ങൾക്കും ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക സൗകര്യങ്ങൾക്കും നേരെയാണ് പ്രധാനമായും ഈ ആക്രമണങ്ങൾ നടന്നിരിക്കുന്നത്. അതേസമയം അമേരിക്കയും ഇസ്രയേലും ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കും ആണവ സൗകര്യങ്ങൾക്കും നേരെയും വ്യാപകമായ വ്യോമാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. അതിപ്പോൾ ഖാർഖീവിൽ വരെ എത്തിയ സ്ഥിതിക്ക് ഇനി എന്തും സംഭവിക്കാം എന്നതാണ് നിലവിലെ അവസ്ഥ. ഈ പരസ്പര ആക്രമണങ്ങൾ പശ്ചിമേഷ്യയിലെ സംഘർഷത്തെ കൂടുതൽ വ്യാപിപ്പിക്കുന്ന തരത്തിലേക്കാണ് നയിച്ചിരിക്കുന്നത്. ഇതൊക്കെയാണ് മേഖലയിലെ ഇപ്പോഴത്തെ സ്ഥിതിയെങ്കിലും, ഇറാൻ്റെ പോരാട്ട വീര്യത്തിനു മുന്നിൽ, അമേരിക്കൻ സൈനിക ഉന്നതർ പകച്ചു നിൽക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം, ഇക്കാര്യം സെൻസർ ചെയ്യാതെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പ്രമുഖ അമേരിക്കൻ മാധ്യമങ്ങൾ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.
EXPRESS VIEW
വീഡിയോ കാണാം…
The post ഇറാൻ ജനതയുടെ വീര്യം കണ്ട് അമ്പരന്ന് അമേരിക്ക, കീഴ്പ്പെടുത്താൻ കഴിയില്ലെന്ന് മുന്നറിയിപ്പ് നൽകി യുദ്ധവിദഗ്ദർ appeared first on Express Kerala.




