
പാകിസ്ഥാനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ പാക് താരം സൽമാൻ അലി ആഗയുടെ വിവാദ റണ്ണൗട്ടുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുമായി ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ലിറ്റൺ ദാസ് രംഗത്തെത്തി. ഇത് ഒരു ചാരിറ്റി ലീഗല്ലെന്നും മറിച്ച് അന്താരാഷ്ട്ര മത്സരമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിയമങ്ങൾ പൂർണ്ണമായും പാലിച്ചാണ് സൽമാനെ പുറത്താക്കിയതെന്നും, ഇതിൽ ഒരു തരത്തിലുള്ള കായിക മര്യാദയുടെ ലംഘനവും നടന്നതായി തനിക്ക് തോന്നുന്നില്ലെന്നും ലിറ്റൺ ദാസ് വ്യക്തമാക്കി. ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാമെങ്കിലും തങ്ങളെ സംബന്ധിച്ച് അത് കൃത്യമായ ഔട്ട് തന്നെയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.
പാകിസ്ഥാൻ ഇന്നിംഗ്സിന്റെ 39-ാം ഓവറിലായിരുന്നു നാടകീയമായ ആ റണ്ണൗട്ട് സംഭവിച്ചത്. മെഹ്ദി ഹസൻ മിറാസ് എറിഞ്ഞ പന്ത് മുഹമ്മദ് റിസ്വാൻ പ്രതിരോധിച്ചപ്പോൾ അത് നോൺ-സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന സൽമാൻ അലി ആഗയുടെ അടുത്തേക്കാണ് പോയത്. പന്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ മിറാസ് സൽമാനുമായി കൂട്ടിയിടിക്കുകയും ചെയ്തു. ഈ സമയം ക്രീസിന് പുറത്തായിരുന്ന സൽമാൻ, താഴെ വീണ പന്തെടുത്ത് ബൗളർക്ക് നൽകാൻ ശ്രമിച്ചു. എന്നാൽ സൽമാൻ കുനിഞ്ഞ അതേ നിമിഷം തന്നെ മിറാസ് വേഗത്തിൽ പന്ത് കൈക്കലാക്കി വിക്കറ്റുകൾ തെറിപ്പിക്കുകയായിരുന്നു.
ഓൺ-ഫീൽഡ് അമ്പയർമാർ തീരുമാനം തേർഡ് അമ്പയർക്ക് വിട്ടു. പന്ത് ഡെഡ് ആയിരുന്നില്ലെന്നും ബാറ്റർ ക്രീസിന് പുറത്തായിരുന്നുവെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതോടെ തേർഡ് അമ്പയർ ഔട്ട് വിധിച്ചു. ഇതോടെ പ്രകോപിതനായ സൽമാൻ അലി ആഗയും ബംഗ്ലാദേശ് താരങ്ങളും തമ്മിൽ മൈതാനത്ത് വാക്ക് തർക്കമുണ്ടായി. ഒടുവിൽ സഹതാരം റിസ്വാൻ ഇടപെട്ടാണ് സൽമാനെ ശാന്തനാക്കി ഡ്രസ്സിങ് റൂമിലേക്ക് മടക്കി അയച്ചത്. പുറത്തായതിലുള്ള അമർഷം പ്രകടിപ്പിച്ചുകൊണ്ട് ഹെൽമെറ്റും ഗ്ലൗസും വലിച്ചെറിഞ്ഞാണ് സൽമാൻ മൈതാനം വിട്ടത്.
The post ‘ഇത് ചാരിറ്റി ലീഗല്ല, ഇന്റർനാഷണൽ ക്രിക്കറ്റാണ്’; പാക് താരത്തിന്റെ വിവാദ റണ്ണൗട്ടിൽ ലിറ്റൺ ദാസ് appeared first on Express Kerala.




