പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നു! യുഎഇയ്ക്ക് നേരെ 9 ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളും വിക്ഷേപിച്ച് ഇറാൻ

പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നു! യുഎഇയ്ക്ക് നേരെ 9 ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളും വിക്ഷേപിച്ച് ഇറാൻ

അബുദാബി: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ യുഎഇയ്ക്ക് നേരെ ഇറാന്റെ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണശ്രമങ്ങൾ. ഇന്ന് മാത്രം യുഎഇയെ ലക്ഷ്യം വെച്ച് ഇറാൻ നടത്തിയ 42 സൈനിക നീക്കങ്ങൾ തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒൻപത് ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളുമാണ് യുഎഇയിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി കുതിച്ചെത്തിയത്.

ആധുനിക പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് മിസൈലുകളും ഡ്രോണുകളും ആകാശത്തുവെച്ചുതന്നെ തടയാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. എന്നാൽ ഫുജൈറയിൽ തകർക്കപ്പെട്ട ഒരു ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് നേരിയ തോതിൽ തീപ്പിടിത്തമുണ്ടായി. ഇത് ഉടൻതന്നെ നിയന്ത്രണവിധേയമാക്കിയതായും മേഖലയിൽ സുരക്ഷ ശക്തമാക്കിയതായും അധികൃതർ വ്യക്തമാക്കി.

Also Read:ഇറാനെ റഷ്യ സഹായിക്കുന്നുണ്ടോ? പുടിന്റെ വാഗ്ദാനം നിരസിച്ച് ഡോണൾഡ് ട്രംപ്

അതേസമയം, ഇറാഖിലെ കുർദിസ്ഥാൻ പ്രവിശ്യയിലുള്ള യുഎഇ കോൺസുലേറ്റിന് നേരെയും ആക്രമണമുണ്ടായി. എർബിലിലെ കോൺസുലേറ്റ് ലക്ഷ്യമാക്കി നടന്ന ഈ നീക്കത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. അന്താരാഷ്ട്ര നയതന്ത്ര ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യുഎഇ വ്യക്തമാക്കിയിട്ടുണ്ട്.

മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന പ്രകോപനപരമായ നടപടികളിൽ നിന്ന് ഇറാൻ പിന്തിരിയണമെന്ന് യുഎഇ ആവശ്യപ്പെട്ടു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിലും എണ്ണ പര്യവേക്ഷണ കേന്ദ്രങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്.

The post പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നു! യുഎഇയ്ക്ക് നേരെ 9 ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളും വിക്ഷേപിച്ച് ഇറാൻ appeared first on Express Kerala.

Spread the love
Scroll to Top