
യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ സർവീസുകളും എയർ ഇന്ത്യയും ഇൻഡിഗോയും അടിയന്തരമായി റദ്ദാക്കി. യുഎഇ അധികൃതരുടെ നിർദേശത്തെത്തുടർന്നാണ് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നീ കമ്പനികൾ ഈ തീരുമാനമെടുത്തത്. എന്താണ് വ്യക്തമായ കാരണമെന്ന് വിമാന കമ്പനികൾ പറഞ്ഞിട്ടില്ല. നേരത്തെ മാർച്ച് 28 വരെ ചില സ്ഥിരം സർവീസുകൾ റദ്ദാക്കിയിരുന്നെങ്കിലും ദുബായ്, അബുദാബി തുടങ്ങിയ നഗരങ്ങളിലേക്ക് താൽക്കാലിക സർവീസുകൾ നടത്തിയിരുന്നു. എന്നാൽ നിലവിലെ അപ്രതീക്ഷിത സാഹചര്യത്തിൽ ഇവയും നിർത്തിവെച്ചിരിക്കുകയാണ്.
അതേസമയം മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ലെങ്കിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സൗദി അറേബ്യയിലെ അൽ ഖർജിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റതായും വിവരമുണ്ട്.
Also Read: യുഎഇയിൽ സൈബർ വേട്ട; വ്യാജ പ്രചാരണം നടത്തിയ 17 ഇന്ത്യക്കാരടക്കം 35 പേർ അറസ്റ്റിൽ!
ഇറാനിലെ പ്രധാന നഗരങ്ങളിൽ അമേരിക്കയും ഇസ്രായേലും ആക്രമണം തുടരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇസ്ഫഹാൻ പ്രവിശ്യയിലുണ്ടായ മിസൈൽ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായും ലെബനനിലെ മരണസംഖ്യ 826 ആയി ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. മേഖലയിലെ സമാധാനത്തിന് അമേരിക്കൻ സൈനിക സാന്നിധ്യം ഒഴിവാക്കണമെന്നും താവളങ്ങൾ അടച്ചുപൂട്ടണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി ഗൾഫ് രാജ്യങ്ങളോട് വീണ്ടും ആവശ്യപ്പെട്ടു.
The post യുഎഇയിലേക്കുള്ള വിമാന സർവീസുകൾ അടിയന്തരമായി റദ്ദാക്കി വിമാന കമ്പനികൾ appeared first on Express Kerala.




