
ഇറാനെ ലക്ഷ്യമിട്ട് 9/11 മാതൃകയിലുള്ള ഭീകരാക്രമണത്തിന് ചില കേന്ദ്രങ്ങൾ പദ്ധതിയിടുന്നതായി ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലറിജാനി മുന്നറിയിപ്പ് നൽകി. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് സമാനമായ ശക്തികളാണ് ഇതിന് പിന്നിലെന്നും, എപ്സ്റ്റീൻ ഫയൽസിൽ ഉൾപ്പെട്ടവരാണ് ഈ ഗൂഢാലോചന നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ പോരാട്ടം അമേരിക്കൻ ജനതയോടല്ലെന്ന് വ്യക്തമാക്കിയ ഇറാൻ, മേഖലയിൽ സമാധാനം പുലരാൻ അയൽരാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ അടച്ചുപൂട്ടണമെന്ന് ഗൾഫ് രാഷ്ട്രങ്ങളോട് ആവർത്തിച്ച് ആവശ്യപ്പെട്ടു.
അതേസമയം, ഇറാനിലെ പ്രധാന നഗരങ്ങളിൽ അമേരിക്കയും ഇസ്രയേലും കഴിഞ്ഞ രാത്രിയും ശക്തമായ ആക്രമണം തുടർന്നു. ഇസ്ഫഹാൻ പ്രവിശ്യയിലുണ്ടായ മിസൈൽ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലബനനിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടികളിൽ മരിച്ചവരുടെ എണ്ണം 826 ആയി ഉയർന്നു. ഏപ്രിൽ വരെ ഇറാനെതിരായ ആക്രമണ പദ്ധതികൾ നീളുമെന്ന് ഇസ്രയേൽ സൈനിക മേധാവി വ്യക്തമാക്കിയതോടെ മേഖലയിലെ യുദ്ധസമാനമായ സാഹചര്യം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.
യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടാവുകയും റഡാർ സംവിധാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. സൗദി അറേബ്യയിലെ അൽ ഖർജിൽ ജനങ്ങൾക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. സംഘർഷം രൂക്ഷമായതോടെ ഇറാഖിൽ നിന്ന് ഉടൻ പുറത്തുകടക്കാൻ അമേരിക്കൻ പൗരന്മാർക്ക് നിർദ്ദേശം നൽകി. ഹോർമൂസ് കടലിടുക്ക് തുറക്കാൻ അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് ഡോണൾഡ് ട്രംപും ആവശ്യപ്പെട്ടിട്ടുണ്ട്.
The post ഇറാനെ കുടുക്കാൻ 9/11 മാതൃകയിൽ വ്യാജ ആക്രമണ പദ്ധതി? വെളിപ്പെടുത്തലുമായി അലി ലറിജാനി appeared first on Express Kerala.




