ചിറയിൻകീഴിൽ കോൺഗ്രസ്സിൽ പടയൊരുക്കം, രമ്യ ഹരിദാസെങ്കിൽ ഇടതിന് റെക്കോർഡ് ഭൂരിപക്ഷമെന്ന് !

ചിറയിൻകീഴിൽ കോൺഗ്രസ്സിൽ പടയൊരുക്കം, രമ്യ ഹരിദാസെങ്കിൽ ഇടതിന് റെക്കോർഡ് ഭൂരിപക്ഷമെന്ന് !

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ ഇടതുപക്ഷം അനായാസ വിജയം നേടുന്നതിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. മുൻ എം പി രമ്യ ഹരിദാസിനെ കെട്ടിയിറക്കി മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ പാലം വലിച്ച് രമ്യക്ക് വമ്പൻ തോൽവി ഉറപ്പാക്കാനാണ് കോൺഗ്രസ്സിലെ പ്രബല വിഭാഗം ശ്രമിക്കുന്നത്. ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ 14 മണ്ഡലം കമ്മിറ്റികളിൽ 11 മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരും മൂന്ന് ഡിസിസി ജനറൽ സെക്രട്ടറിമാരും രമ്യ ഹരിദാസിനെ ചിറയിൻകീഴ്കാർക്ക് വേണ്ട എന്ന് പറഞ്ഞുകൊണ്ട് അവരുടെ പ്രതിഷേധം ഇതിനകം തന്നെ രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. കെട്ടിയിറക്ക് സ്ഥാനാർത്ഥി വേണ്ട, പകരം തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഒരു സ്ഥാനാർത്ഥി വേണം എന്നതാണ് അവരുടെ ആവശ്യം.

ഈ പട്ടികജാതി സംവരണ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ കെപിഎംഎസ്സുകാരും തണ്ടാ സമുദായക്കാരും പരവർ സമുദായക്കാരും അടങ്ങുന്ന ദളിത് വിഭാഗക്കാർ ഒട്ടനവധിയുണ്ട്. ഏകദേശം 65,000 ത്തോളം വോട്ട് ഈ മൂന്ന് വിഭാഗത്തിനും കൂടി നിയോജക മണ്ഡലത്തിലുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഇതിൽ ഒന്നിലും പെടാത്ത രമ്യ ഹരിദാസിനെ കെട്ടിയിറക്കുമ്പോൾ അവിടെ ഇടതുപക്ഷത്തിനാണ് കാര്യങ്ങൾ എളുപ്പമാക്കുക. ഇടതുപക്ഷത്ത് സിപിഐക്കായി നീക്കിവച്ച മനോജ് ബി ഇടമനയാണ് അവരുടെ സ്ഥാനാർത്ഥി.

ഈ സാഹചര്യത്തിൽ മണ്ഡലം പിടിക്കണമെങ്കിൽ മണ്ഡലത്തിൻ്റെ മുക്കും മൂലയും അറിയുന്ന ശക്തനായ സ്ഥാനാർത്ഥി വേണമെന്നാണ് പ്രാദേശിക കോൺഗ്രസ്സ് നേതൃത്വം ആവശ്യപ്പെടുന്നത്. യൂത്ത് കോൺഗ്രസിന്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി ലീനയെ ആണ് കോൺഗ്രസ്സ് പ്രവർത്തകരും അനുഭാവികളും ഉയർത്തിക്കാട്ടുന്നത്. നിലവിൽ കെപിസിസി മെമ്പറുമായ ലീന 22 വർഷമായി കോൺഗ്രസ് നേതൃത്വത്തിൽ പ്രവർത്തിക്കുകയാണ്. പാർട്ടിക്കും മുന്നണിക്കും വേണ്ടി സമരം ചെയ്തതിൻ്റെ ഭാഗമായി 153 കേസിൽ പ്രതിയാണ്.

Also Read: പി ശശിയെ മുഖ്യമന്ത്രിയും കൈവിട്ടു, പാർട്ടിയും കൈവിട്ടു, ഇനി ഒന്നുമല്ല, പാർട്ടി നടപടി പിന്നാലെ വരും ?

തിരുവനന്തപുരത്തെയും എറണാകുളത്തെയും തൃശ്ശൂരിലെയും കോടതികളിൽ നിലവിൽ നിരവധി കേസുകൾ ഈ വനിതാ നേതാവിന് എതിരെയുണ്ട്. മാത്രമല്ല, സെക്രട്ടറിയേറ്റിൻ്റെ മുന്നിൽ സമരം ചെയ്തതിനെ തുടർന്ന് പോലീസ് മർദ്ദനവും ഏറ്റുവാങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനകത്ത് കയറി സമരം ചെയ്തതിന്റെ പേരിൽ ഉൾപ്പെടെ രണ്ടുപ്രാവശ്യം ലീനക്ക് ജയിലിൽ കിടക്കേണ്ടി വന്നതും വൈകാരികമായാണ് കോൺഗ്രസ്സ് പ്രവർത്തകർ നേതൃത്വത്തെ ഓർമ്മിപ്പിക്കുന്നത്. പോലീസ് മർദ്ദനത്തിൽ പരുക്കേറ്റ് ഒരു വർഷക്കാലം കിടപ്പിലായ അവസ്ഥയും ലിനക്കുണ്ടായിരുന്നു.

ഇങ്ങനെ ത്യാഗം സഹിച്ച ലീനയെ പോലെ ഒരാളിനെ മാറ്റി നിർത്തിക്കൊണ്ട് മലബാറിൽ നിന്നും രമ്യ ഹരിദാസിനെ ഇറക്കുന്നത് എന്തിനാണ് എന്നാണ് കോൺഗ്രസ്സ് പ്രവർത്തകർ ചോദിക്കുന്നത്. രമ്യ ഹരിദാസിന് മത്സരിക്കാൻ ചേലക്കരയും, തരൂരും, ബാലുശ്ശേരിയും, കോങ്ങോടും ഉൾപ്പെടെ നിരവധി പട്ടികജാതി സീറ്റുകൾ നിലവിലുണ്ട് എന്നിരിക്കെ അവിടെ ഒന്നും പരിഗണിക്കാതെ ചിറയിൻ കീഴിലേക്ക് കെട്ടി ഇറക്കിയാൽ, സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് ഇടതുപക്ഷം വിജയിക്കാൻ പോകുന്നത് ചിറയിൻ കീഴിൽ നിന്നായിരിക്കും എന്നാണ് പ്രാദേശിക നേതൃത്വം നൽകുന്ന മുന്നറിയിപ്പ്.

The post ചിറയിൻകീഴിൽ കോൺഗ്രസ്സിൽ പടയൊരുക്കം, രമ്യ ഹരിദാസെങ്കിൽ ഇടതിന് റെക്കോർഡ് ഭൂരിപക്ഷമെന്ന് ! appeared first on Express Kerala.

Spread the love
Scroll to Top